സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഹുറൂബ് കേസിലുൾപ്പെട്ട ഹൗസ് ഡ്രൈവർമാരുൾപ്പടെയുളള വീട്ടു ജോലിക്കാരുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കില്ലെന്ന് മുസാനിദ് പ്ലാറ്റ്ഫോം. സ്‌പോൺസർഷിപ്പ് മാറ്റത്തിന് സ്‌പോൺസറുടെ അനുമതി നിർബന്ധമാണ്. ഓരോ രാജ്യത്തെയും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേകം ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്നും മുസാനിദ് പ്ലാറ്റ് ഫോം അറിയിച്ചു.
ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള വീട്ടു ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് മാറ്റുന്ന സേവനം കഴിഞ്ഞ ദിവസം മുതൽ മുസാനിദ് പ്ലാറ്റ്ഫോമിൽ ആരംഭിച്ചിരുന്നു. സ്‌പോൺസർഷിപ്പ് മാറ്റത്തിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങൾ ഇല്ലാതാക്കുകയും റിക്രട്ട്‌മെന്റ് നിലവാരം മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
സ്‌പോൺസർഷിപ്പ് മാറ്റത്തിനും റിക്രൂട്ട്‌മെന്റിനും മന്ത്രാലയം പ്രത്യേകം ഫീസ് നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ ഭീമമായ തുക ഈടാക്കി സ്‌പോൺസർഷിപ്പ് മാറ്റുന്ന പ്രവണത ഇതോടെ അവസാനിപ്പിക്കാനാകും. വിവിധ രാജ്യങ്ങളിൽ നിന്ന് വീട്ടു ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്കിലും പരിധി നിശ്ചയിച്ചിട്ടുണ്ട്.
10,023 റിയാൽ മുതൽ 21,535 റിയാൽ വരെയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി നിശ്ചയിച്ചിട്ടുളള പരമാവധി തുക. നിലവിൽ സൗദിയിലുള്ള ഹൗസ് ഡ്രൈവറുൾപ്പെടെയുള്ള വീട്ടു ജോലിക്കാർക്ക് സ്‌പോൺസർഷിപ്പ് മാറാൻ ഇരു സ്‌പോൺസർമാരുടെയും അനുവാദം നിർബന്ധമാണ്.
കൂടാതെ തൊഴിലാളിയുടെ പേരിൽ ഹുറൂബ് അഥവാ ഒളിച്ചോടിയതായ കേസുണ്ടാകാനും പാടില്ല. ഇ-പെയ്മെന്റ് ചാനലുകൾ വഴിയാണ് ഇതിനുള്ള ഫീസ് അടക്കേണ്ടത്. ഗാർഹിക തൊഴിലാളി മേഖല മെച്ചപ്പെടുത്താനും, റിക്രൂട്ട്മെന്റ് നിലവാരം ഉയർത്താനും തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സേവനങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല