1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2024

സ്വന്തം ലേഖകൻ: വീസിറ്റ് വീസയിൽ എത്തിയവരെ ജോലിക്ക് എടുക്കുന്ന കാര്യത്തിൽ പുതിയ നിയമ ഭേദഗതിയുമായി യുഎഇ. വീസിറ്റ് വീസ ഉടമകളെ ജോലിക്ക് നിയമിക്കുന്നതിൽ നിന്ന് കമ്പനികളെ നിയമപ്രകാരം യുഎഇ തടയുന്നുണ്ടെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. നിലവിൽ കൊണ്ടു വന്ന ഭേദഗതിയിലൂടെ ഇത്തരം കമ്പനികള്‍ക്ക് ലഭിക്കാവുന്ന പിഴയിൽ വൻ വര്‍ധനവാണ് കൊണ്ട് വന്നിരിക്കുന്നത്.

ശരിയായ പെര്‍മിറ്റ് ഇല്ലാതെ ജോലിക്ക് എടുത്താൽ കമ്പനികള്‍ ഒരു ലക്ഷം ദിര്‍ഹം മുതൽ പത്ത് ലക്ഷ ദിര്‍ഹം വരെ പിഴ നല്‍കേണ്ടി വരും. മുമ്പ് വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലിക്ക് ആളെ നിയമിച്ചാൽ കമ്പനികള്‍ക്ക് ചുമത്തുന്ന പിഴ 50,000 ദിര്‍ഹം മുതൽ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു.

എന്നാൽ തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് നിയമം കര്‍ശനമാക്കി ഇരിക്കുന്നതെന്ന് ഇസിഎച്ച് ഡിജിറ്റൽ ഡയറക്ടറായ സയ്ദ് അലി സഈദ് അൽ കാബി വ്യക്തമാക്കി. ചില കമ്പനികള്‍ വീസിറ്റ് വീസ ഉടമകളെ റസിഡൻസിയും വര്‍ക്ക് പെര്‍മിറ്റും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജോലി ചെയ്യിപ്പിക്കാറുണ്ട്. ഇതിൽ അധിക പേര്‍ക്കും കമ്പനികള്‍ വേതനം നല്‍കാറില്ല.

ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ദുരുപയോഗം ചെയ്യുകയും പിന്നീട് വീസിറ്റ് വീസ കാലാവധി തീരുമ്പോള്‍ കയ്യൊഴിയുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരത്തിലുള്ള നടപടികളെ തുടച്ചു നീക്കുന്നതിനുള്ള തൊഴിൽ നിയമങ്ങളാണ് യുഎഇയിൽ നിലനില്‍ക്കുന്നത്. പിഴയിലുണ്ടായ വര്‍ധനവ് ഇത്തരം കാര്യങ്ങളെ യുഎഇ ഗൗരവമായി കാണുന്നുണ്ട് എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കീറൻ ഫൗരി എന്ന വ്യക്തി ഇത്തരത്തിലുള്ള തൊഴിൽ ചൂഷണത്തിന് ഇരയായിട്ടുള്ളതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2023 ഡിസംബറിൽ ദുബായിലെത്തിയ ഇയാള്‍ ഒരു കമ്പനിയിലെ മാര്‍ക്കറ്റിങ് വിഭാഗത്തിൽ മൂന്നു മാസമാണ് ജോലി ചെയ്തത്. വീസിറ്റ് വീസ തീരുന്നതിന് മുമ്പ് തന്നെ വര്‍ക്ക് പെര്‍മിറ്റ് ശരിയാക്കാം എന്നാണ് കമ്പനി വാഗ്ദാനം ചെയ്തത്. താൻ നിയമവിരുദ്ധമായാണ് ജോലി ചെയ്യുന്നത് എന്ന കാര്യം ഓര്‍മ്മപ്പെടുത്തിയപ്പോഴെല്ലാം അത് എച്ച് ആര്‍ ശരിയാക്കുമെന്നാണ് ഇയാളെ കമ്പനി അധികൃതര്‍ അറിയിച്ചത്.

ഒടുവിൽ വീസിറ്റ് വീസ തീര്‍ന്നയുടനെ ഇയാളെ കമ്പനി കയ്യൊഴിയുകയായിരുന്നു. വീസ കാലാവധി തീര്‍ന്നതിന് ശേഷവും യുഎഇയിൽ തങ്ങിയതിന് 5,500 ദിര്‍ഹം സ്വന്തം കയ്യിൽ നിന്ന് എടുത്ത് അടച്ചാണ് ഇയാള്‍ക്ക് യുഎഇയിൽ നിന്ന് പോകാൻ കഴിഞ്ഞത്. ആ സമയത്ത് കയ്യിൽ തീരെ കാശില്ലാതിരുന്ന ഇയാള്‍ക്ക് നാട്ടിൽ നിന്ന് അച്ഛൻ പണം അയച്ച് നല്‍കുകയാണ് ചെയ്തതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. യുഎഇയിൽ വീസിറ്റ് വീസ അല്ലെങ്കിൽ ടൂറിസ്റ്റ് പെര്‍മിറ്റ് ഉപയോഗിച്ച് എത്തി ജോലി ചെയ്യുന്നത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ്.

യുഎഇയിൽ ജോലി നേടുന്ന വ്യക്തിക്ക് യുഎഇയിലെ മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ നിന്നുള്ള ഓഫര്‍ ലൈറ്റര്‍ ലഭിച്ചാൽ മാത്രമേ അവിടെ ജോലി ചെയ്യാൻ സാധിക്കൂ. നിയമവിരുദ്ധമായി യുഎഇയിൽ ജോലി ചെയ്യുന്നത് ഏത് വിധേനയും ഒഴിവാക്കണമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇല്ലെങ്കിൽ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യതകള്‍ ഏറെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.