സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിൽ നടക്കുന്ന സ്വദേശിവത്ക്കരണം വലിയ നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട്. ഈ വർഷത്തിലെ ആദ്യ ആറുമാസത്തിനിടെ 1,53,000ലധികം സ്വദേശികൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു.
തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി ആറ് മാസത്തിനുള്ളിൽ 379 കോടി സഹായമായി നൽകിയതായും മാനവ വിഭവശേഷി നിധി ഡയറക്ടർ ജനറൽ തുർക്കി ബിൻ അബ്ദുല്ല അൽജുവൈനി പറഞ്ഞു. പരിശീലനം, തൊഴിൽ, ശാക്തീകരണ പിന്തുണ പരിപാടികൾ എന്നിവയ്ക്കാണ് ഇത്രയും തുക നൽകിയത്.
രാജ്യത്തെ എല്ലാ സുപ്രധാന മേഖലകളിലും പ്രവർത്തിക്കുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങൾ മാനവ വിഭവശേഷി നിധിയുടെ വിവിധ പരിപാടികൾക്ക് കീഴിൽ പ്രയോജനം നേടിയെന്നും അൽജുവൈനി വിശദീകരിച്ചു.
എല്ലാ മേഖലകളിലും രാജ്യം സാക്ഷ്യം വഹിക്കുന്ന വികസന നവോത്ഥാനത്തോടൊപ്പം ബിസിനസ് മേഖലയുടെ ആവശ്യങ്ങളിലുള്ള വികസനവും മാറ്റങ്ങളും പരിഗണിച്ച് ദേശീയ കേഡർമാരുടെ കഴിവുകൾക്കായുള്ള ഡിമാൻഡുമായി മുന്നേറാൻ ഫണ്ടിന് താൽപ്പര്യമുണ്ടെന്ന് അൽജുവൈനി പറഞ്ഞു.
രാജ്യത്തെ യുവതീ യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും മുന്നേറുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം ഉയർത്തുന്നതിനും സ്വദേശിവത്ക്കരണത്തിന് സംഭാവന നൽകാൻ സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കുന്നതിനും മാനവ വിഭവശേഷി നിധി നിരന്തരം പ്രവർത്തിക്കുന്നുണ്ട്.
ദേശീയ കേഡർമാരെ പരിശീലിപ്പിക്കുന്നതിനും നിയമിക്കുന്നതിനും ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ മത്സരശേഷിയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് പുറമെയാണിത്.
മാനവ വിഭവശേഷി നിധിയുടെ പ്രോഗ്രാമുകൾ, സേവനങ്ങൾ എന്നിവയിൽനിന്നും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനം വർധിപ്പിക്കുന്നതിന് നിധിയുടെ പുതിയ തന്ത്രം സഹായകമായെന്നും അൽജുവൈനി പറഞ്ഞു.
തൊഴിൽ വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാനും ആവശ്യകതകൾ നിറവേറ്റാനും മേഖലകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുക്കാനും നിധി ഊന്നൽ നൽകുന്നുണ്ട്.
ദേശീയ കേഡറുകൾക്കായി പരിശീലനം, ശാക്തീകരണം, മാർഗനിർദേശ പിന്തുണാ പരിപാടികൾ എന്നിവ വികസിപ്പിക്കുന്നതിന് പ്രവർത്തിക്കുന്നുവെന്നും അൽജുവൈനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല