ബിനു മാത്യു
ജീവിതത്തില്‍ കഷ്ട്ടപ്പാടുകള്‍ ഉണ്ടാവുമ്പോള്‍ ദൈവം എല്ലാം നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് സ്വയം വിശ്വസിക്കുന്നതാണ് എതൊരു വിശ്വാസിയുടെയും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജമേകുക.എന്നാല്‍ ഇന്നലെ ന്യൂകാസിലില്‍ കണ്ട കാഴ്ചകള്‍ എന്‍റെ ഈ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതായിരുന്നു.പറക്കമുറ്റാത്ത മൂന്നു പെണ്മക്കളെ മാറോട് ചേര്‍ത്ത് പ്രിയതമന്‍റെ ചേതനയറ്റ ശരീരത്തിനടുത്തു നിന്ന് പൊട്ടിക്കരയുന്ന സിനിയെയും,തങ്ങള്‍ ജീവിച്ചിരിക്കെ അകാലത്തില്‍ മകനെ നഷ്ട്ടമായ ജോബിയുടെ മാതാപിതാക്കളുടെ വിതുമ്പലും കാണുമ്പോള്‍ ഇതെല്ലാം നന്‍മയ്ക്കായി ഭവിക്കുന്നു എന്നാശ്വസിക്കാന്‍ എന്തോ എന്നെക്കൊണ്ട് കഴിയുന്നില്ല.ഇത് വിധിയുടെ ക്രൂരത തന്നെയാണ്.ഭാര്യയോടും മക്കളോടും ഒപ്പം ജീവിതം ആസ്വദിക്കേണ്ട പ്രായത്തില്‍ ജോബിയെ തിരികെ വിളിച്ച ദൈവങ്ങള്‍ തുടര്‍ന്നുള്ള ജീവിത പാതയില്‍ സിനിക്കും കുടുംബത്തിനും കരുത്ത് നല്‍കട്ടെ എന്ന പ്രാര്‍ത്ഥന മാത്രമാണ് ഇപ്പോള്‍ എനിക്കുള്ളത്.
സന്‍ജു ജോര്‍ജ് എടുത്ത കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇക്കഴിഞ്ഞ ശനിയാഴ്ച ന്യൂകാസിലില്‍ ക്യാന്‍സര്‍ ബാധിതനായി മരിച്ച കണ്ണൂര്‍ സ്വദേശി ജോബി ജോസെഫിന് യു.കെ മലയാളികള്‍ ഇന്നലെ വിടയേകി.വിശുദ്ധ കുര്‍ബാനയും പൊതുദര്‍ശനവും പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടന്നത് ഇംഗ്ളീഷ് മാട്രിയെഴ്സ് ദേവാലയത്തില്‍ വച്ചാണ്.തിരുക്കര്‍മ്മങ്ങള്‍ക്ക് ഭദ്രാവതി രൂപത മെത്രാന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു.ഫാദര്‍ സജി തോട്ടത്തില്‍,ഫാദര്‍ ജിമ്മി പുളിക്കക്കുന്നേല്‍,ഫാദര്‍ തോമസ് തൈക്കൂട്ടത്തില്‍,ഫാദര്‍ ഷോണ്‍,ഫാദര്‍ മരിയദാസ്,ഫാദര്‍ റോബര്‍ട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ന്യൂകാസിലില്‍ നിന്നും പരിസരപ്രദേശങ്ങളിലും നിന്നും,ജോബി മുന്‍പ് താമസിച്ചിരുന്ന മാഞ്ചസ്റ്ററില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ജോബിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.ശനിയാഴ്ച ഉച്ചയ്ക്കു ഒരുമണിക്ക് ന}കാസില്‍ എയര്‍പോര്‍ട്ടില്‍നിന്നും എമിറേറ്റ്സ് വിമാനത്തില്‍ ജോബിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.കണ്ണൂരിലെ ആലക്കോട് ചക്കാലക്കല്‍ കുടുംബാംഗമായ ജോബിയുടെ മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലായിരിക്കും ഞായറാഴ്ച രാവിലെ എത്തിക്കുക. തിങ്കളാഴ്ച നാട്ടിലെ ഇടവകയായ വിലക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെ കുടുംബക്കല്ലറയില്‍ സംസ്കാരം നടത്തുമെന്നും ബന്ധുക്കള്‍ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല