സ്വന്തം ലേഖകന്‍: യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയുടെ പരമോന്നത ബഹുമതി ദി പ്രസിഡന്റഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം, യാത്രയയപ്പു ചടങ്ങിനിടെ ഒബാമയുടെ അപ്രതീക്ഷിത പ്രഖ്യാപനം. വൈറ്റ് ഹൗസില്‍ നിന്നും പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വൈസ് പ്രസിഡന്റ് ജോ ബൈഡന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ദി പ്രസിഡന്റഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി അമേരിക്ക ആദരിച്ചു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബൈഡനെയും മറ്റുള്ളവരേയും ഞെട്ടിച്ച് അപ്രതീക്ഷിതമായി പ്രസിഡന്റ് ബാരാക് ഒബാമ ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു. വൈസ് പ്രസിഡന്റിനുള്ള യാത്രയയപ്പ് ചടങ്ങ് എന്ന പേരിലാണ് വൈറ്റ്ഹൗസില്‍ പരിപാടി സംഘടിപ്പിച്ചത്.
വൈസ് പ്രസിഡന്റിനുള്ള വൈറ്റ്ഹൗസിന്റെ അവസാന ആദരം എന്നായിരുന്നു സംഭവത്തെ വൈറ്റ്ഹൗസ് വിശേഷിപ്പിച്ചത്. ബഹുമതി സ്വീകരിക്കുമ്പോള്‍ ബൈഡന്‍ വികാരാധീനനായി. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയായ പ്രസിഡന്റിനൊപ്പം വാഷിംഗ്ടണിലെ ഏറ്റവും അടുപ്പമുള്ളവരും വിശ്വസ്തരും മാത്രം പങ്കെടുത്ത ചടങ്ങില്‍ പ്രസംഗത്തിന് ശേഷം ഒബാമ നാടകീയമായി ഉന്നത സൈനികരെ വിളിക്കുകയും അവരുടെ സാന്നിദ്ധ്യത്തില്‍ ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു.
പെട്ടെന്ന് ചുറ്റും നോക്കിയ ബൈഡന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അദ്ദേഹം അത് തൂവാല കൊണ്ട് ഒപ്പി. മുമ്പ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെയ്ഗന്‍, ജനറല്‍ കോളിന്‍ പവല്‍ എന്നിവര്‍ക്കു മാത്രമേ ഈ ബഹുമതി നല്‍കിയിട്ടുള്ളൂ. മറുപടി പ്രസംഗത്തില്‍ ഒബാമ രാജ്യത്തിന് ചെയ്ത സേവനങ്ങളെ നന്ദിയോടെ സ്മരിച്ച ബൈഡന്‍ താന്‍ ഈ പുരസ്‌ക്കാരത്തിന് അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു.
അമേരിക്കന്‍ ചരിത്രത്തിലെ സിംഹം എന്നായിരുന്നു ബൈഡനെ ഒബാമ വിശേഷിപ്പിച്ചത്. സെനറ്റിലെ അദ്ദേഹത്തിന്റെ ദീര്‍ഘകാല സേവനങ്ങളെ അനുസ്മരിക്കുകയും ചെയ്തു. ആഭ്യന്തര അന്താരാഷ്ട്ര നയങ്ങളിലെ ബൈഡന്റെ ഇടപെടലുകളെ പുകഴ്ത്തിയ ഒബാമ ബൈഡന്‍ അഫ്ഗാനിലെയും ഇറാഖിലെയും അമേരിക്കന്‍ നടപടികളില്‍ കൃത്യമായി ഇടപെടുകയും ഒസാമാ ബിന്‍ ലാദനെ വധിക്കാന്‍ ഒബാമയെ പ്രചോദിപ്പിക്കുകയും ചെയ്തതും എടുത്തു പറഞ്ഞു. ദുരിതത്തിലും ബുദ്ധിമുട്ടിലും തങ്ങളുടെ സൗഹൃദം ഊഷ്മളമായി മുമ്പോട്ട് പോയെന്നും ഒബാമ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല