സ്വന്തം ലേഖകന്‍: നോബല്‍ ജേതാവായ ഗണിതശാസ്ത്രജ്ഞനും അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ജോണ്‍ നാഷും പത്‌നിയും വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ന്യൂജേഴ്‌സിയില്‍ വച്ച് നാഷ് സഞ്ചരിച്ചിരുന്ന ടാക്‌സി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
1928 ജൂണ്‍ 13 ന് വെര്‍ജീനിയയിലെ ബ്ലൂഫീല്‍ഡില്‍ ജനിച്ച നാഷ് ന്യൂജഴ്‌സിയിലെ പ്രിന്‍സ്ടൗണിലാണ് താമസിച്ചിരുന്നത്. കാര്‍ണജി മെലണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗണിത ശാസ്ത്ര ബിരുദവും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും നേടിയ ഇദ്ദേഹം തുടര്‍ന്ന് പ്രിന്‍സ്ടണില്‍ തന്നെ ഗണിതശാസ്ത്രവിഭാഗം ഇന്‍സ്ട്രക്ടറായി.
ഗണിത ശാസ്ത്രത്തില്‍ ഗെയിം തിയറിയിലൂടെ വിപ്ലവം സൃഷ്ടിച്ച നാഷ് ആള്‍ജിബ്രാ ജ്യോമെട്രിയിലും ഡിഫറന്‍ഷ്യന്‍ ജ്യോമെട്രിയിലും തന്റേതായ സംഭാവനകള്‍ നല്‍കി. സ്‌കീസോഫ്രീനിയ ബാധിച്ച് ഒമ്പത് വര്‍ഷത്തോളം മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്നു.
സില്‍വിയ നാസര്‍ എഴുതിയ എ ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്ന നാഷിന്റെ ജീവചരിത്രം 2001 ല്‍ ഹോളിവുഡ് സംവിധായകനായ റോണ്‍ ഹോവാര്‍ഡ് സിനിമയാക്കി. റസല്‍ ക്രോ നാഷായി തകര്‍ത്തഭിനയിച്ച സിനിമ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
1994 ലാണ് ഇദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌ക്കാരം ലഭിച്ചത്. ഇതിനു പുറമെ ന്യൂമാന്‍ തിയറി പ്രൈസ് (1978), ലിറോയ്. വി. സ്റ്റീലെ പ്രൈസ് (1999) എന്നിവയും നാഷിന് ലഭിച്ചിട്ടുണ്ട്. നിരവധി ലോകോത്തര ഗവേഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല