ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു . വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമനെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത് .
പ്രാദേശിക സമയം ഇന്നു രാവിലെ ഏഴിന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.. എട്ടുമണിക്കു നടക്കുന്ന പ്രത്യേക പ്രാര്‍ഥനയോടനുബന്ധിച്ചാണ് ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് . എണ്‍പത്തേഴു രാജ്യാന്തര പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പ്രഖ്യാപനം.. ചടങ്ങിനു മുന്നോടിയായി ഇന്നലെ ബസിലിക്കയ്‌ക്കുള്ളിലെ ഗ്രോട്ടോയിലുള്ള കല്ലറ തുറന്ന് മൃതദേഹപേടകം പുറത്തെടുത്തു മുഖ്യ അള്‍ത്താരയില്‍ പ്രതിഷ്‌ഠിച്ചു. കല്ലറയുടെ ഒരുഭാഗം ജോണ്‍പോള്‍ രണ്ടാമന്റെ ജന്മസ്‌ഥലമായ പോളണ്ടിലെ ക്രാക്കോവിലേക്കു കൊണ്ടുപോകും. അവിടെ ജോണ്‍പോള്‍ രണ്ടാമന്റെ പേരില്‍ സ്‌ഥാപിക്കുന്ന ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കാനാണ് തിരുശേഷിപ്പ് കൊണ്ടുപോവുന്നത്.
വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം പത്തരയോടെ മാര്‍പാപ്പയുടെ മൃതദേഹപേടകം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുഖ്യ അള്‍ത്താരയില്‍ പൊതുവണക്കത്തിനുവയ്‌ക്കും. ഇന്നു രാത്രി വൈകുവോളം പൊതുദര്‍ശനത്തിനു വയ്‌ക്കുന്ന മൃതദേഹപേടകം നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്‌ക്കുള്ളിലെ സെന്റ് സെബാസ്‌റ്റ്യന്‍ ചാപ്പലില്‍ മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ പിയാത്ത ശില്‍പത്തിനു സമീപം അടക്കംചെയ്യും.
മരിയ സൈമണ്‍ പിയറിയെന്ന ഫ്രഞ്ച് കന്യാസ്‌ത്രീയുടെ പാര്‍ക്കിന്‍സണ്‍സ് രോഗം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മധ്യസ്‌ഥ പ്രാര്‍ഥനയിലൂടെ മാറിയെന്ന അത്ഭുതസാക്ഷ്യപ്പെടുത്തലാണ് വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനു കാരണമായത്. ഇത്തരത്തിലുള്ള ഒരത്ഭുതസാക്ഷ്യംകൂടി സ്‌ഥിരീകരിക്കപ്പെട്ടാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടും.
വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു മുന്നോടിയായി ഇന്നലെ വൈകിട്ട് റോമിലെ പ്രസിദ്ധമായ സര്‍ക്കസ് മാക്‌സിമസില്‍ ജാഗരണപ്രാര്‍ഥന നടന്നു. ചടങ്ങില്‍ പങ്കെടുത്ത അത്ഭുതരോഗശാന്തി ലഭിച്ച ഫ്രഞ്ച് കന്യാസ്‌ത്രീ മരിയ സൈമണ്‍ പിയറിയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായ സ്‌റ്റാനിസ്‌ലോ ഡിസിവിസും അനുഭവം വിവരിച്ചു. ഒരു ലക്ഷത്തോളം പേര്‍ ജാഗരണപ്രാര്‍ഥനയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല