1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2016

സ്വന്തം ലേഖകന്‍: ഇറാഖ് അധിനിവേശം നിയമവിരുദ്ധമെന്ന കുറ്റസമ്മതവുമായി മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ പ്രസ്‌കോട്ട്. 2003 ലെ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്റെ പങ്ക് വ്യക്തമാക്കുന്ന ചില്‍കോട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ആയിരങ്ങളെ കൊന്നൊടുക്കിയ ഇറാഖ് യുദ്ധം നിയമവിരുദ്ധമായിരുന്നുവെന്ന ജോണ്‍ പ്രസ്‌കോട്ടിന്റെ കുറ്റസമ്മതം. അധിനിവേശത്തെ ശക്തമായ്ി പിന്തുണച്ച ആളായിരുന്നു പ്രസ്‌കോട്ട്.

ഇക്കാര്യത്തില്‍ മൗനം തുടര്‍ന്നാല്‍ ജീവിതകാലം മുഴുവന്‍ താന്‍ ആ ദുരന്ത തീരുമാനത്തിന്റെ ഭാഗമായി മാറുമായിരുന്നുവെന്ന് സണ്‍ഡേ മിററിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം മനസ്സു തുറക്കുന്നു. ‘അന്ന് ഞങ്ങളെടുത്ത തീരുമാനം ഒരു യുദ്ധത്തിന്റെ വക്കിലത്തെിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. 1,75,000ത്തോളം സാധാരണക്കാരുടെ ജീവനെടുത്ത ഇറാഖ് യുദ്ധത്തിലേക്ക് നയിച്ച ആ തീരുമാനത്തെക്കുറിച്ച് ഓര്‍ക്കാത്ത ഒറ്റ ദിവസംപോലും എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല.’ പ്രസ്‌കോട്ട് പറയുന്നു.

‘ചെയ്ത തെറ്റില്‍ ഖേദമുണ്ട്. കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടെയും കുടുംബത്തോട് മാപ്പുപറയുന്നു. 179 ബ്രിട്ടീഷ് സൈനികരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇറാഖില്‍ സദ്ദാം ഹുസൈനെ പുറത്താക്കുക വഴി വിനാശത്തിന്റെ പെട്ടി തുറന്നുവിടുകയായിരുന്നു യഥാര്‍ഥത്തില്‍ ഞങ്ങള്‍. സദ്ദാംഹുസൈനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ള ഇറാഖ് യുദ്ധം നിയമവിരുദ്ധമാണെന്ന് 2004 ല്‍ യു.എന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നാന്‍ പ്രഖ്യാപിച്ചിരുന്നു. അതീവ ദുഃഖത്തോടും രോഷത്തോടും കൂടി പറയട്ടെ, അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയാണെന്ന് ഇപ്പോള്‍ ബോധ്യമായി.’ പ്രസ്‌കോട്ട് പറയുന്നു. ഇറാഖ് യുദ്ധത്തില്‍ മാപ്പുപറയാന്‍ തയാറായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനെ പ്രശംസിക്കാനും ലേഖനത്തില്‍ പ്രസ്‌കോട്ട് മറക്കുന്നില്ല.

‘യുദ്ധത്തിന്റെ തെറ്റായ വശങ്ങളെക്കുറിച്ച് ചില്‍കോട്ട് റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, എല്ലാവരും മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്. ഇറാഖ് യുദ്ധത്തിനായി ബ്രിട്ടിഷ് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ച ടോണി ബ്‌ളെയര്‍ക്കെതിരെ അടിയന്തര പ്രമേയം കൊണ്ടുവരുമെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പി ഡേവിഡ് ഡേവിസ് പറഞ്ഞിരുന്നു. ഈ പ്രമേയം സ്വീകരിച്ചാല്‍ ഇറാഖ് യുദ്ധത്തില്‍ ബ്‌ളെയര്‍ കുറ്റക്കാരനാണോ എന്ന വിഷയം ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കാം. കോടതിയലക്ഷ്യംപോലെ തന്നെയാണിതും.’ ഇറാഖിലെ കൂട്ടനശീകരണത്തിന് പാര്‍ലമെന്റിനെ കബളിപ്പിച്ചാണ് ബ്‌ളെയര്‍ അനുമതി നേടിയെടുത്തതെന്നും പ്രസ്‌കോട്ട് തുറന്നടിക്കുന്നു.

ഇറാഖ് അധിനിവേശത്തില്‍ ഖേദിക്കുന്നതായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.