സ്വന്തം ലേഖകൻ: മാനനഷ്ടക്കേസില്‍ മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡിന്റെ കയ്യില്‍ നിന്ന് ലഭിക്കേണ്ട തുക ജോണി ഡെപ്പ് നിരസിച്ചേക്കുമെന്ന് അഭിഭാഷകന്‍. ഡെപ്പിന് ഇത്രയും തുക നല്‍കാന്‍ ആംബറിന് സാധിക്കില്ലെന്ന് അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. ഈ കേസ് പണത്തിനു വേണ്ടിയായിരുന്നില്ലെന്നും, അഭിമാനത്തിന്റെ വിഷയമായിരുന്നുവെന്നും ഡെപ്പിന്റെ അഭിഭാഷകരിലൊരാളായ ബെഞ്ചമിന്‍ ച്യൂ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഡെപ്പ് പണം വേണ്ടെന്ന് വയ്ക്കും. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
”ഡെപ്പിന് അദ്ദേഹത്തിന്റെ പ്രതിച്ഛായ വീണ്ടെടുക്കണമായിരുന്നു. ഒന്ന് ആലോചിച്ചു നോക്കൂ, ഒരു മനുഷ്യനെ ആറ് വര്‍ഷം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി. ഭാര്യയെ തല്ലുന്നവനും പീഡകനുമായി സമൂഹത്തിന്റെ മുന്നില്‍ മുദ്രകുത്തി. കരിയര്‍ നാശത്തിന്റെ വക്കിലെത്തി. സത്യം തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ മാത്രം ആവശ്യമായിരുന്നു. അത് തെളിഞ്ഞു. ഡെപ്പിന് പണം വിഷയമല്ല, അഭിമാനമാണ് വലുത്. അത് തിരിച്ചു കിട്ടിയിരിക്കുന്നു. എന്തു തന്നെയാണെങ്കിലും അദ്ദേഹത്തിന് നഷ്ടമായ സമയം ഒരിക്കലും തിരിച്ചു കിട്ടില്ല”- അഭിഭാഷകന്‍ പറഞ്ഞു.
ഡെപ്പിന്റെ ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിന്റെ അന്തിമവിധിയാണ് മെയ് 31 ന് പുറത്ത് വന്നത്. വിചാരണയില്‍ ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കോടതി അന്തിമ തീരുമാനത്തിലെത്തിയത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപിന് 15 ദശലക്ഷം ഡോളര്‍ (80 കോടി) നല്‍കണമെന്ന് യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയാണ് വിധിച്ചു. ഡെപിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് പിഴയൊടുക്കേണ്ടത്.
വിവാഹമോചനത്തിന് ശേഷം ഡെപ്പ് ആംബറിന് 70 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. ഇത് ജീവകാരുണ്യപ്രവര്‍ത്തനത്തിന് നല്‍കിയെന്നാണ് ആംബര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഡെപ്പിന്റെ അഭിഭാഷക ആ തുക ആംബര്‍ ആര്‍ക്കും സംഭാവന ചെയ്തിട്ടില്ലെന്ന് വാദിച്ചു. പിന്നീട് ആംബര്‍ അത് മാറ്റി പറഞ്ഞു. താന്‍ നിലവില്‍ പണം ആര്‍ക്കും സംഭാവന ചെയ്തിട്ടില്ല, എന്നാല്‍ കുട്ടികളെ ചികിത്സിക്കുന്ന ഒരു ആശുപത്രിയ്ക്ക് നല്‍കാമെന്ന് വാക്ക് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല