സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ചിചെസ്റ്റര്‍ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല.
തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോണിയുടെ ഭാര്യ റെജി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു.
2023 ഏപ്രിലിലാണ് നഴ്‌സായിരുന്ന റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്‌സായിരുന്നു റെജി. 2022 മേയില്‍ യുകെയിലെ ഹോസ്പിറ്റലില്‍ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടര്‍ പരിശോധനയിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ എത്തുന്നതിന് മുന്‍പ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു.
അമ്മയുടെ മരണത്തിന്റെ വേദനയില്‍ നിന്നും കരകയറും മുന്നേയാണ് അമ്മുവിനെ തേടി പിതാവിന്റെ വിയോഗവും എത്തിയത്. ചിചെസ്റ്റര്‍ മലയാളികളടക്കം സാന്ത്വനവുമായി അമ്മുവിനൊപ്പം ഉണ്ടെങ്കിലും അപ്രതീക്ഷിതമായ നഷ്ടങ്ങളുടെ വേദനയില്‍ തകര്‍ന്നിരിക്കുകയാണ് മകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല