![](https://www.nrimalayalee.com/wp-content/uploads/2021/11/Congress-Fuel-Price-Protest-Joju-George-.jpg)
സ്വന്തം ലേഖകൻ: ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്‌നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി.
ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം. ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നു. മനുഷ്യസഹജമായ പ്രശ്‌നങ്ങളാണ് ഉണ്ടായതെന്നും ഇതില്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും ഡി.സി.സി. അധ്യക്ഷന്‍ പറയുന്നു. ജോജുവുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം എം.പി ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തത്. ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അക്കാര്യം അറിയിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ പറഞ്ഞു.
ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വാഹനം തടഞ്ഞു നിർത്തി ഡോർ ബലമായി തുറന്ന് ജോജുവിന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തുവെന്നാണു കേസ്. ജോജുവിന്റെ കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനായ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഉപരോധ സമരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ് തുടങ്ങിയ 15 നേതാക്കൾക്കും 50 പ്രവർത്തകർക്കുമെതിരെയും കേസെടുത്തിരുന്നു. ജോജു ജോർജിനെതിരെ കോൺഗ്രസ് വനിതാ നേതാവ് നൽകിയ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല.
മരട് പൊലീസ് കേസെടുത്തതിനുപിന്നാലെ ടോണി ചമ്മണി ഉള്‍പ്പെടെ പ്രതികളെല്ലാം മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈറ്റില സ്വദേശി പി ജി ജോസഫിനെ ബുധനാഴ്ച റിമാന്‍ഡ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികള്‍.
ജോജു പൊലീസില്‍ നല്‍കിയ പരാതിയില്‍ ടോണി ചമ്മണിയെ എടുത്തുപറഞ്ഞിട്ടുണ്ട്. ഒന്നാംപ്രതിയായ ടോണി ചമ്മണിയും സജീന്ദ്രനും പ്രവര്‍ത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറില്‍ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടയിലാണ് പി ജി ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് ഇടിച്ചുതകര്‍ത്തത്. ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമീഷണര്‍ പറഞ്ഞു. ചില്ല് തകര്‍ത്തപ്പോള്‍ ജോസഫിന്റെ വലതുകൈക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വാഹനത്തില്‍ വീണ രക്തസാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കാറിന് ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല