സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ഗായികയെ കളിപ്പിക്കാന്‍ ടെലിവിഷന്‍ ഷോ നിര്‍മാതാക്കള്‍ കാണിച്ച തമാശ അതിരുവിട്ടു, ലൈംഗിക അതിക്രമമെന്ന് ആരോപണം. പോപ് ഗായികയായ എമ്മ മാറോണിനാണ് നര്‍ത്തകന്റെ ഭാഗത്തുനിന്ന് അതിരുവിട്ട തമാശ അനുഭവിക്കേണ്ടി വന്നത്. പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടെ എമ്മയുടെ സ്വകാര്യ ഭാഗങ്ങളില്‍, നൃത്തച്ചുവടുകളെന്ന രീതിയില്‍ നര്‍ത്തകന്‍ സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യുകയായിരുന്നു.
നര്‍ത്തകന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ എമ്മ പലതവണ നര്‍ത്തകനെ തള്ളി നീക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘ഇത് നൃത്തമല്ലെന്നും തനിക്ക് പാടാന്‍ കഴിയുന്നില്ലെന്നും’ എമ്മ പരാതിപ്പെടുന്നുമുണ്ട്. ഗായിക അസ്വസ്ഥയാകുന്നതും നര്‍ത്തകന്‍ അതിരുവിട്ടു പെരുമാറുന്നത് കണ്ടിട്ടും ചിരിയോടെ നില്‍ക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ പരിപാടിയുടെ അവസാനം സംഗതി ‘തമാശയാണെന്ന്’ എമ്മ തിരിച്ചറിയുമ്പോള്‍ നര്‍ത്തകനെ ആശ്ലേഷിക്കുന്നതും കാണാം. പക്ഷേ ദൃശ്യങ്ങള്‍ പുറത്തെത്തിയോടെ കടുത്ത വിമര്‍ശനമാണ് ചാനല്‍ അധികൃതര്‍ക്കും ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും നേരെ ഉയരുന്നത്. നര്‍ത്തകന്റെ പെരുമാറ്റം വെറും ‘തമാശയുടെ’ ഭാഗമായി ആസൂത്രണം ചെയ്തതാണെന്നാണ് അവരുടെ വാദം. ‘ഗായിക ആവശ്യമില്ലാതെ പ്രകോപിതയാവുക’യായിരുന്നെന്നും അവര്‍ പറയുന്നു.
ഇത്തരം തമാശകള്‍ യുവാക്കള്‍ക്കു പകര്‍ന്നു നല്‍കുന്നത് മോശം സന്ദേശമാണെന്ന് ഇറ്റലിയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റ്യാന ഡിയ അഭിപ്രായപ്പെട്ടു. ഇറ്റലിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടിവരികയാണെന്നും അവ വെറും തമാശയായി ന്യായീകരിക്കാനുള്ള പ്രവണത യുവാക്കളില്‍ വളരാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുമെന്നും ക്രിസ്റ്റിയാനയും മറ്റു വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല