സ്വന്തം ലേഖകന്‍: ലെഡ്ജര്‍, നിങ്ങളെ മിസ് ചെയ്യുന്നതുപോലെ ഞങ്ങള്‍ ആരേയും മിസ് ചെയ്യുന്നില്ല; എങ്കിലും ഞങ്ങള്‍ക്ക് ഫീനിക്‌സ് ഉണ്ട് എന്നതില്‍ സന്തോഷമുണ്ട്,’ സമൂഹ മാധ്യമങ്ങളില്‍ കൊടുങ്കാറ്റായി ജോക്കര്‍ സിനിമയുടെ ടീസര്‍. അകാലത്തില്‍ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കര്‍ എന്ന ഒരൊറ്റ കഥാപാത്രമാണ്. ഡാര്‍ക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളി അക്ഷരാര്‍ഥത്തില്‍ തന്നെ ലോകത്തെ വിറപ്പിച്ചു. വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി. എന്നാല്‍, തന്റെ കഥാപാത്രത്തെ ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് കാണാനുള്ള ഭാഗ്യം ലെഡ്ജര്‍ക്കുണ്ടായില്ല. നടന്‍ മരിച്ച് ആറ് മാസത്തിനുശേഷമാണ് കഥാപാത്രം വെള്ളിത്തിരയിലെത്തിയത്. എങ്കിലും ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോകസിനിമയിലും പ്രേക്ഷക മനസ്സിലും അമരനായി ലെഡ്ജര്‍.
2016 ല്‍ പുറത്തിറങ്ങിയ സൂയിസൈഡ് സ്‌ക്വാഡ് എന്ന ചിത്രത്തില്‍ ജറെഡ് ലെറ്റോ ജോക്കറായി വേഷമിട്ടിരുന്നു. ഇതിനെതിരേ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ലെഡ്ജറുമായുള്ള താരതമ്യമായിരുന്നു ജറെഡ് ലെറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജോക്കര്‍ക്ക് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. മൂന്ന് തവണ അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ച ഹ്വാക്കിന്‍ ഫീനിക്‌സാണ് ടോഡ് ഫിലിപ്‌സിന്റെ ജോക്കര്‍ എന്ന ചിത്രത്തില്‍ ഐതിഹാസിക വില്ലന് വീണ്ടും ജീവന്‍ പകരുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ ഫീനിക്‌സിന് നേരേ തുടക്കത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അഭിനന്ദനങ്ങളായി മാറിയിരിക്കുകയാണ്. ഫീനിക്‌സ്, നിങ്ങള്‍ വിമര്‍ശകരെ ഭയക്കേണ്ടതില്ല, ലെഡ്ജര്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടായിരിക്കും ആരാധകര്‍ പറയുന്നു.
സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനില്‍ നിന്ന് ജോക്കറായി മാറുന്ന ആര്‍തര്‍ ഫ്‌ലെക്ക് എന്നൊരാളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. എഴുപതുകളില്‍ നടക്കുന്ന ഒരു സംഭവമാണ് കഥാപശ്ചാത്തലം. ജോക്കറിന്റെ അമ്മ പെന്നി എന്ന കഥാപാത്രമായി ഫ്രാന്‍സെസ് കോണ്‍റോയാണ് അഭിനയിക്കുന്നത്. ജോക്കറിന്റെ പ്രണയിനിയായ സോഫി എന്ന കഥാപാത്രമായി സേസി ബീറ്റ്‌സാണ് അഭിനയിക്കുന്നത്. വിഖ്യാത നടന്‍ റോബര്‍ട്ട് ഡി നീറോയും ഫിലിപ്‌സിന്റെ ജോക്കറിലും അഭിനയിക്കുന്നുണ്ട്.
സീസര്‍ റൊമേരോ (1960), ജാക്ക് നിക്കോള്‍സണ്‍ (1989) എന്നിവരാണ് മുന്‍കാലങ്ങളില്‍ ജോക്കറായി വെള്ളിത്തിരയിലെത്തിയ മറ്റു നടന്‍മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല