സ്വന്തം ലേഖകന്‍: ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഫിലിപ്പീന്‍സിലെ കത്തോലിക്ക ദേവാലയത്തില്‍ ഇരട്ട ബോംബ് സ്‌ഫോടനം; 20 ഓളം പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് അധികൃതര്‍. ജോലോ ദ്വീപിലെ കത്തോലിക്ക ദേവാലയത്തിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 111 പേര്‍ക്കു പരുക്കേറ്റു. ആദ്യ സ്‌ഫോടനത്തിനു പിന്നാലെ ജനക്കൂട്ടം പള്ളിക്കു പുറത്തേക്ക് ഓടുമ്പോഴാണു പ്രധാന പ്രവേശന കവാടത്തിനു സമീപം രണ്ടാമത്തെ സ്‌ഫോടനം നടന്നത്.
കൊല്ലപ്പെട്ടവരില്‍ അഞ്ചു സൈനികരുമുണ്ട്. ഭീകരസംഘടനയായ അബു സയ്യാഫാണു സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നു സംശയിക്കുന്നുണ്ടെങ്കിലും ആരും ഉത്തരവാദിത്തമേറ്റിട്ടില്ല. പള്ളിക്കു സൈന്യം കാവല്‍ നില്‍ക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. തെക്കന്‍ ഫിലിപ്പീന്‍സിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയ്ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനമെടുത്തത് ഒരാഴ്ച മുന്‍പാണ്.
ജനഹിത പരിശോധനയില്‍ ജോലോ ദ്വീപ് ഉള്‍പ്പെടുന്ന സുലു പ്രവിശ്യയിലെ വോട്ടര്‍മാര്‍ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാകാം ആക്രമണമെന്നു സംശയിക്കുന്നു. അടുത്തിടെ ലനാവോ ദെല്‍ സുര്‍ പ്രവിശ്യയില്‍ ഒട്ടേറെ ഐഎസ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനു സമീപമുള്ള മാരാവി 2017ല്‍ പിടിച്ചെടുത്ത ഐഎസ് ഭീകരരെ സൈന്യം തോല്‍പ്പിച്ചോടിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല