സ്വന്തം ലേഖകന്‍: നികുതി ഭാരവും വിലക്കയറ്റവും അതിരൂക്ഷം; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ആടിയുലഞ്ഞ ജോര്‍ഡന്‍ സര്‍ക്കാര്‍; പ്രധാനമന്ത്രി രാജിവെച്ചു. നികുതി വര്‍ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ നടക്കുന്ന പ്രക്ഷോഭം അഞ്ചു ദിവസം പിന്നിട്ടതോടെ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് പ്രധാനമന്ത്രി ഹാനി അല്‍ മുലൂകിയുടെ രാജി.
തലസ്ഥാനമായ അമ്മാനിലും വിവിധ പ്രവിശ്യകളിലെ പ്രധാന പട്ടണങ്ങളിലും പ്രതിഷേധം കത്തുകയാണ്. പ്രധാനമന്ത്രി ഹാനി അല്‍ മുലൂകി രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. ഞായറാഴ്ച രാത്രി അമ്മാനിലെ മന്ത്രിസഭ കാര്യാലയത്തിന് സമീപം ഒരുമിച്ചുകൂടിയ പ്രക്ഷോഭകര്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്.
അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ.എം.എഫ്) പിന്തുണയോടെയാണ് സര്‍ക്കാര്‍ രാജ്യത്ത് നികുതി വര്‍ധനക്കൊരുങ്ങുന്നത്. ആദായ നികുതിയില്‍ ചുരുങ്ങിയത് അഞ്ച് ശതമാനം വര്‍ധന വരുത്തുന്ന പരിഷ്‌കരണ ബില്‍ കഴിഞ്ഞ മാസാവസാനം പാര്‍ലമമെന്റില്‍ അവതരിപ്പിച്ചിരുന്നു. ഇത് പാസാവാനിരിക്കെയാണ് ജനങ്ങള്‍ പ്രക്ഷോഭം തുടങ്ങിയത്.
വില്‍പന നികുതിയിലുണ്ടായ വര്‍ധനവിനെതിരെയും ബ്രഡിന്റെ സബ്‌സിഡി എടുത്തുകളഞ്ഞതിനെതിരെയും നേരത്തേ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജോര്‍ഡന്‍ വിദേശ ധനസഹായത്താലാണ് പിടിച്ചുനില്‍ക്കുന്നത്. 3700 കോടി ഡോളറാണ് രാജ്യത്തിന്റെ കടം. ഇത് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 95 ശതമാനം വരും. ഇവ പിടിച്ചുനിര്‍ത്താനുള്ള സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായാണ് ഐ.എം.എഫ് നികുതി വര്‍ധന അടക്കമുള്ള കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഐ.എ.എം.എഫില്‍നിന്ന് മൂന്നു വര്‍ഷത്തേക്ക് 72.3 കോടി ഡോളര്‍ ജോര്‍ഡന്‍ അടുത്തിടെ കടമെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല