സ്വന്തം ലേഖകൻ: മലയാള ചലച്ചിത്രം ‘ആടുജീവിത’വുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലസി എന്നിവര്‍ അടങ്ങുന്ന 58 അംഗങ്ങള്‍ ഉള്ള യൂണിറ്റ് ജോര്‍ദാനിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടിങ് നിര്‍ത്തലാക്കിയെങ്കിലും അവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ആവാത്ത സാഹചര്യമാണ്. അതേക്കുറിച്ച് നായകന്‍ പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ.
“എല്ലാവർക്കും നമസ്കാരം. ഈ ദുഷ്‌കരമായ സമയങ്ങളിൽ എല്ലാവരും സുരക്ഷിതരായിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. 24/03/2020 ന് ജോർദാനിലെ ‘ആടുജീവിതത്തിന്റെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങൾ കാരണം താൽക്കാലികമായി നിർത്തിവച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, വാഡി റം മരുഭൂമിയുടെ പരിധിക്കുള്ളിൽ ഞങ്ങളുടെ യൂണിറ്റ് മാത്രമാണ് ഉള്ളതെന്നും ഞങ്ങള്‍ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികാരികൾക്ക് ബോധ്യപ്പെട്ടു, അതിനാൽ ഞങ്ങൾക്ക് ഷൂട്ടിങ്ങിനായി അനുവാദം തന്നു.
നിർഭാഗ്യവശാൽ, ജോർദാനിൽ നിലവിലുള്ള നിയന്ത്രണങ്ങൾ മുൻകരുതൽ നടപടിയായി കൂടുതൽ ശക്തിപ്പെടുത്തേണ്ടി വന്ന സാഹചര്യത്തില്‍ 27/03/2020 ന് ഞങ്ങളുടെ ഷൂട്ടിങ് അനുമതി റദ്ദാക്കി. അതിനെ തുടർന്ന്, ഞങ്ങളുടെ ടീം വാദി റാമിലെ മരുഭൂമി ക്യാമ്പിൽ താമസിക്കുന്നു,” താരം പറഞ്ഞു.
“നിലവിലെ സാഹചര്യത്തില്‍ ഷൂട്ടിങ് പുനരാരംഭിക്കാൻ ഉടനടി അനുമതി ലഭിക്കില്ലെന്നും അതിനാൽ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് നല്ലതെന്നും ജോര്‍ദാന്‍ അധികൃതര്‍ ഞങ്ങളെ അറിയിച്ചു. ഏപ്രിൽ രണ്ടാം വാരം വരെ വാദി റമിൽ താമസിക്കാനും ചിത്രീകരിക്കാനും ഞങ്ങൾ ആദ്യം പദ്ധതിയിട്ടിരുന്നതിനാൽ, ഞങ്ങളുടെ താമസ-ഭക്ഷണ ക്രമീകരണങ്ങള്‍ കരുതിയിട്ടുണ്ട്. എന്നാൽ അതിനു ശേഷം എന്ത് സംഭവിക്കുന്നു എന്നത് ആശങ്കാജനകമാണ്.
ഞങ്ങളുടെ ടീമിൽ ഒരു ഡോക്ടർ ഉണ്ട്, അവർ ഓരോ 72 മണിക്കൂറിലും ഓരോ ക്രൂ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നു, കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിയൻ ഡോക്ടർ ഇടയ്ക്കിടെ പരിശോധനകൾ നടത്തുന്നു. ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീമിന്റെ മടങ്ങി വരവ് അധികാരികളുടെ പ്രയോരിറ്റി ആവാന്‍ സാധ്യതയില്ലെന്നത് ഞങ്ങൾ പൂർണ്ണമായും മനസ്സിലാക്കുന്നു. എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും ഈ സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്നും തോന്നി.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു, ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം ജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം,” പ്രിത്വി വ്യക്തമാക്കി.
നിലവിലെ അവസ്ഥകൾ വിശദീകരിച്ച് ബ്ലെസി ഫെഫ്കയ്ക്ക് മെയിൽ അയച്ചതിനെ തുടർന്ന് ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന് വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക്ക ഈ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപി എംപിയും വിഷയത്തിൽ ഇടപെട്ട് ജോർദാനിലെ ഇന്ത്യൻ സ്ഥാനപതിയുമായി ചർച്ചകൾ നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല