ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ജെ.സി. ഡാനിയേല്‍ പുരസ്കാരം പ്രശസ്ത നടന് ജോസ്പ്രകാശിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ കൊച്ചിയിലെ വസതിയിലെത്തി ജോസ്പ്രകാശിനു പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംവിധായകന് ശശികുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, ചലച്ചിത്ര താരങ്ങളായ മേനകാ സുരേഷ്കുമാര്‍, നെടുമുടി വേണു എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ആറു പതിറ്റാണ്ടായി മലയാള ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ജോസ്പ്രകാശ് അരനൂറ്റാണ്ടുകാലം അഭിനയരംഗത്തു സജീവമായിരുന്നു.
കോട്ടയം കെ.ജെ. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായ ജോസ്പ്രകാശ് സൈനിക സേവനം അവസാനിപ്പിച്ചാണ് കലാരംഗത്ത് എത്തിയത്. മണ്ണാര്‍ക്കാട് കുഞ്ഞ് നടത്തിയിരുന്ന ഐക്യകേരള നടനകലാസമിതിയില് ഗായകനും നടനുമായി ചേര്‍ന്നു. നാടകലോകത്തെ മികവാണ് ജോസ്പ്രകാശിനെ സിനിമാ ലോകത്ത് എത്തിച്ചത്.
ശരിയോ തെറ്റോ എന്ന സിനിമയിലൂടെ 1951ല്‍ സിനിമയില്‍ എത്തി. 380ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ഭാര്യ ചിന്നമ്മ 1993ല്‍ നിര്യാതയായി. കാല് മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ശയ്യാവലംബനായിട്ടും അഭിനയത്തോടും സിനിമയോടും അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹം പുലര്‍ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല