പ്രശസ്ത മലയാള സിനിമ നടന് ജോസ് പ്രകാശ് (87) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. മരണസമയം മക്കളടക്കം ബന്ധുക്കള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷത്തെ ജെ.സി. ഡാനിയേല്‍ പുരസ്കാരം ജോസ് പ്രകാശിനായിരുന്നു. നാടക- സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്കാരം. പുരസ്കാര വിവരം അറിയാതെയാണ് അദ്ദേഹം വിട പറഞ്ഞത്. ഏപ്രില്‍ 14ാം തിയതി സിനിമയിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ കുടുംബക്കാര് ആലോചിക്കുന്നതിനിടെയാണു മരണം. കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹത്തിന്റെ വലതു കാല് മുറിച്ചു മാറ്റിയിരുന്നു.
400ഓളം ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന അദ്ദേഹം വില്ലന്‍ കഥാപാത്രത്തിലൂടെയാണു ശ്രദ്ധേയനായത്. സിഐഡി നസീര്‍, ഈറ്റ, ലിസ, മാമാങ്കം, ലൗ ഇന്‍ സിംഗപ്പൂര്‍, മനുഷ്യമൃഗം, ജോണ്‍ ജാഫര്‍ ജനാര്ദ്ദനന്, നിറക്കൂട്ട്, കുരുതിക്കളം, രാജാവിന്റെ മകന്, അഥര്‍വം, പിരിയില്ല നാം എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകള്‍. കുരുതിക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹിന്ദി നടന് ദിലീപ് കുമാര്‍ ജോസ് പ്രകാശിനെ കണ്ട് “നിങ്ങള്‍ മലയാളത്തിന്റെ പ്രാണ്‍’ ആണെന്നു അഭിനന്ദിച്ചു. മിഖേയലിന്റെ സന്തതികള്‍ എന്ന സീരിയലില്‍ മിഖേയല്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിനു സംസ്ഥാന അവാര്‍ഡ് ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരത്തിനും അര്‍ഹനായി. ട്രാഫിക് ആണു ജോസ് പ്രകാശ് അഭിനയിച്ച അവസാന ചിത്രം.
ബേബി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് കെ.ജെ. ജോസഫ് എന്നാണ്. സിനിമയില്‍ ജോസ് പ്രകാശ് എന്ന പേരു നല്കിയതു നടന് തിക്കുറിശിയാണ്. മുന്‍സിഫ് കോടതി ക്ലര്‍ക്കായിരുന്ന കോട്ടയം നാഗമ്പടം സ്വദേശി കുന്നേല്‍ കെ.ജെ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1925 ഏപ്രില്‍ 14നു ജനനം. ത്യാഗരാജ ഭാഗവതരെ ആരാധിച്ച അദ്ദേഹം ചലച്ചിത്ര ഗായകനാകാന്‍ ആഗ്രഹിച്ചു. വീട്ടുകാരോടു പറയാതെ സിനിമ കാണാന്‍ പോയത് അച്ഛന് ചോദ്യം ചെയ്തതോടെ ജോസ് പ്രകാശ് വീടുവിട്ടിറങ്ങി. ഏഴു വര്‍ഷത്തോളം കരസേനയില്‍ സേവനം അനുഷ്ഠിച്ചു. 1984 ല്‍ സൈനിക സേവനം അവസാനിപ്പിച്ചു കോട്ടയത്തു തിരിച്ചെത്തി തെയില കച്ചവടം തുടങ്ങി. ഇതോടൊപ്പം കോട്ടയം ആര്‍ട്സ് ക്ലബ് രൂപീകരിച്ചു ഗാനമേളകള്‍ നടത്തി.
1952ല്‍ തിരുനക്കര മൈതാനിയില്‍ നടന്ന സോഷ്യലിസ്റ്റ് സമ്മേളന വേദിയില്‍ ജോസ് പ്രകാശ് ആലപിച്ച ഭക്തിഗാനം കേട്ടു തിക്കുറിശിയും ദക്ഷിണാമൂര്‍ത്തിയും “ശരിയോ തെറ്റോ’ എന്ന ചിത്രത്തില്‍ മൂന്നു ഗാനങ്ങള്‍ പാടാന്‍ അവസരം നല്കി. വിശപ്പിന്റെ വിളി, പ്രേമലേഖനം, ദേവസുന്ദരി, അവന് വരുന്നു എന്നി ചിത്രങ്ങില്‍ അദ്ദേഹം ഗായകനായി. ഇതിനിടെ ചില ചിത്രങ്ങളില്‍ അപ്രധാന വേഷങ്ങളും അഭിനയിച്ചു. കൂട്ടത്തില്‍ അച്ഛന്റെ ഭാര്യ എന്ന ചിത്രത്തില്‍ നായകനുമായി.
സ്നാപക യോഹന്നാന്, അല്‍ഫോന്‍സ എന്നീ ചിത്രങ്ങളിലും നായകവേഷം കെട്ടി. 1956 ല്‍ നാഷനല്‍ തിയെറ്റേഴ്സ് എന്ന പ്രൊഫഷനല്‍ നാടക സംഘത്തിനു രൂപം നല്കി. 1968ല്‍ ഇറങ്ങിയ ലൗ ഇന്‍ കേരള എന്ന ചിത്രത്തിലെ സില്‍വര്‍ ഹെഡ് എന്ന കഥാപാത്രമാണു ജോസ് പ്രകാശിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലായത്. 200ലധികം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ അനുജന് പ്രേം പ്രകാശ് നിര്‍മാതാവും സിനിമാ- സീരിയല്‍ അഭിനേതാവുമാണ്. സഹോദരി ഏലിയാമ്മയുടെ മകന് ഡെന്നിസ് ജോസഫ് അറിയപ്പെടുന്ന തിരക്കഥാകൃത്താണ്. ഭാര്യ ചിന്നമ്മ നേരത്തേ മരിച്ചു. നാല് ആണ്മക്കളും രണ്ടു പെണ്മക്കളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല