സ്വന്തം ലേഖകന്‍: യുകെ മലയാളികള്‍ക്ക് ആഘാതമായി കട്ടപ്പന സ്വദേശിയായ ജോസി ആന്റണിയുടെ മരണം. ഈസ്റ്റ് ബോണില്‍ സീനിയര്‍ കെയററായി ജോലി ചെയ്തിരുന്ന ജോസി ആന്റണിയെ മോണവേദനയെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 30 വയസുണ്ടായിരുന്ന ജോസിയുടെ മരണ കാരണം ലൂക്കീമിയയെ തുടര്‍ന്നുണ്ടായ കാര്‍ഡിയാക് അറസ്റ്റാണെന്നാണ് റിപ്പോര്‍ട്ട്.
ഇടുക്കി കട്ടപ്പന സ്വദേശിനിയും ബെക്സില് ഓണ്‍സീയിലെ സീനിയര്‍ കെയററും ആയ ജോസി ആന്റണി ഏഴു വര്‍ഷം മുമ്പ് സ്റ്റുഡന്റ് വിസയിയാണ് യുകെയില്‍ എത്തിയത്. പെര്‍മെനെന്റ് റെസിഡന്‍സി ലഭിക്കാത്തതിനാല്‍ വിസ പുതുക്കാനുള്ള അപേക്ഷ ഹോം ഓഫീസില്‍ നല്‍കിയിരുന്നെങ്കിലും തിരസ്കരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് അപ്പീല്‍ നല്കി കാത്തിരിക്കുകയായിരുന്നു ജോസി.
ജോസിയുടെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം നാട്ടിലുള്ള ഭര്‍ത്താവും ഏക മകനും യുകെയിലേക്ക് വരാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ആഘാതമായി മരണമെത്തിയത്. ഒറ്റക്കായ ജോസിക്ക് എല്ലാ സഹായവും നല്കി ഈസ്റ്റ്ബോണിലെ മലയാളികള്‍ ഒപ്പമുണ്ടായിരുന്നു. ജോസിയുടെ ബന്ധുക്കള്‍ക്ക് യുകെ വിസ വിസ ലഭിക്കുക പ്രയാസമായതിനാല്‍ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജോസിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല