ലോകത്തെ ഏറ്റവും അനാകര്‍ഷകമായ തൊഴിലുകളിലൊന്ന് പത്രറിപ്പോര്‍ട്ടറുടേതാണെന്ന് പഠനറിപ്പോര്‍ട്ട്. സോഫ്റ്റ്വെയര് എന്‍ജിനിയറുടേത് ഏറ്റവും മികച്ചതും. യു.എസ്സിലെ തൊഴിലുപദേശകസ്ഥാപനമായ ‘കരിയര്‍കാസ്റ്റ്’ ആണ് പഠനം നടത്തിയത്. പ്രധാനമായും യു.എസ്സിലെ തൊഴില്‍സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തലുകള്‍. ഏറ്റവും മോശപ്പെട്ട പത്ത് തൊഴിലുകളുടെ പട്ടികയില്‍ അഞ്ചാമതാണ് അച്ചടിമാധ്യമങ്ങളിലെ റിപ്പോര്‍ട്ടിങ്ങിന്റെ സ്ഥാനം. ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് പത്താംസ്ഥാനമാണ്.
മരംവെട്ട്, ഇറച്ചിവെട്ട്, ഹോട്ടലിലെ വിളമ്പുജോലി, പാത്രംകഴുകല്‍ തുടങ്ങിയവയാണ് മോശം തൊഴിലുകളുടെ പട്ടികയിലിടം പിടിച്ച മറ്റുചില ജോലികള്‍. സൈന്യത്തിലെ സാധാരണ ഭടന്, ക്ഷീരകര്ഷകന്, മീറ്റര്‍റീഡര്‍ എന്നിവരെയും അനാകര്ഷകപ്പട്ടികയില് പെടുത്തിയിട്ടുണ്ട്. ഏറ്റവും മനഃസംഘര്ഷമുള്ള പത്തുതൊഴിലുകളുടെ കൂട്ടത്തില്‍ പത്ര ഫോട്ടോഗ്രാഫറുടേതും ഉള്‍പ്പെടുന്നു.
മരംവെട്ടാണ് ഏറ്റവും അനാകര്‍ഷകമായ തൊഴിലായി വിലയിരുത്തപ്പെട്ടിരിക്കുന്നത്. തടിവ്യവസായത്തിലെ യന്ത്രവത്കരണവുംമറ്റും കാരണം മരംവെട്ട് തൊഴിലാളികള്‍ക്ക് ‘ഡിമാന്‍ഡി’ല്ലാതായതാണ് ഇതിനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
പത്രറിപ്പോര്‍ട്ടിങ്ങും ദൃശ്യമാധ്യമപ്രവര്ത്തനവും മോശപ്പെട്ട തൊഴിലുകളായി വിലയിരുത്തിയതിനെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വിശദീകരിക്കുന്നു: ‘ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ വികാസത്തോടെ അച്ചടി-ദൃശ്യമാധ്യമങ്ങളുടെ ആവശ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇപ്പറയുന്ന രണ്ടു തൊഴിലുകളും മുമ്പ് താരപരിവേഷമുള്ളതായിരുന്നു എന്നത് നേര്. എന്നാലിപ്പോള്‍ ഈ രംഗങ്ങളില്‍ തൊഴില്‍സാധ്യതയും വരുമാനവും കുറയുകയും ജോലിഭാരം കൂടുകയും ചെയ്തിരിക്കുന്നു’.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല