ജോഷി സിറിയക് (ബിർമിംഗ്ഹാം): യുകെ മലയാളികൾക്കായി ഗർഷോം ടിവിയും അസാഫിയൻസും സംയുക്തമായി നടത്തിവരുന്ന ഓൾ യുകെ ക്രിസ്‌മസ് കരോൾ മത്സരത്തിന്റെ മൂന്നാം സീസൺ ഡിസംബർ14 ശനിയാഴ്ച ബിർമിംഗ്ഹാമിൽ വച്ചു നടക്കും. യുകെ ക്രോസ് കൾച്ചർ മിനിസ്ട്രിസ് ഡയറക്ടർ ഡോ. ജോ കുര്യൻ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ റെവ. ഫാ. ടോമി എടാട്ട്, ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് ടൌൺ മേയർ ടോം ആദിത്യ, എന്നിവർ വിശിഷ്ടാഥികളായിരിക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്‌കൂളിൽ ഉച്ചയ്ക്ക് 1 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചു ഗായകസംഘങ്ങൾ മത്സരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് നിറം പകരാൻ ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
നീണ്ട പരിശീലനത്തിനു ശേഷം എത്തുന്ന ഗായകസംഘങ്ങൾ അത്യന്തം വാശിയോടെ മത്സരത്തെ സമീപിക്കുമ്പോൾ വിജയികളാകുന്നർക്ക് ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ് നൽകുന്ന 1000 പൗണ്ടും, ഗർഷോം ടിവി നൽകുന്ന ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി ലോ ആൻഡ് ലോയേഴ്സ് സോളിസിറ്റർസ് നൽകുന്ന 500 പൗണ്ടും ലണ്ടൻ അസാഫിയൻസ് നൽകുന്ന ട്രോഫിയും , മൂന്നാം സമ്മാനമായി പ്രൈം മെഡിടെക് നൽകുന്ന 250 പൗണ്ടും ട്രോഫിയും ലഭിക്കും. നാലും അഞ്ചും സ്ഥാനങ്ങളിലെത്തുന്ന ക്വയർ ഗ്രൂപ്പിന് ട്രോഫികൾ സമ്മാനിക്കും
ജോയ് ടു ദി വേൾഡ് ഈ വർഷം കൂടുതൽ സൗകര്യങ്ങളോടുകൂടിയ ബിർമിംഗ്ഹാം കിംഗ് എഡ്‌വേഡ് ഗ്രാമർ സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിശാലമായ ഓഡിറ്റോറിയവും അനുബന്ധസൗകര്യങ്ങളും പാർക്കിംഗ് സൗകര്യങ്ങളുമുള്ള ഈ വേദി ആയിരത്തിലധികം പേരെ ഉൾക്കൊള്ളും. കുട്ടികൾക്കും മുതിർന്നവർക്കുമായി അന്നേദിവസം ഉച്ച മുതൽ തുറന്നു പ്രവർത്തിക്കുന്ന രുചികരമായ ഭക്ഷണ കൗണ്ടറുകൾ, കേക്ക് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
ജാതിമത ഭേദമന്യേ യുകെയിലെ മലയാളി സമൂഹം ഒന്നടങ്കം പങ്കെടുക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോഷി സിറിയക് അറിയിച്ചു.
വിലാസം: King Edward VI Five Ways School, Scotland Ln, Birmingham B32 4BT
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല