ലണ്ടൻ: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ നാല് സീസണുകളായി നടത്തിവരുന്ന ക്രിസ്‌മസ് കരോൾ ഗാനമത്സരത്തിന്റെ അഞ്ചാം സീസൺ 2022 ഡിസംബർ 10 ശനിയാഴ്ച ബിർമിങ്ഹാമിൽ വച്ചു നടക്കും. ബിർമിംഗ്ഹാം ബാർട്ലി ഗ്രീൻ കിംഗ് എഡ്‌വേഡ് സിക്സ് ഫൈവ് വെയ്‌സ് ഗ്രാമർ സ്കൂളാണ് ഈ വർഷത്തെ വേദി. ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയർ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാൻഡായ ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കൽ ഷോയും നടക്കും.
കഴിഞ്ഞവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക. കൂടാതെ സ്പെഷ്യൽ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജോയ് ടു ദി വേൾഡിന്റെ നാലാം പതിപ്പിൽ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ കിരീടം ചൂടിയത് ലണ്ടൻ സെന്റ്. തോമസ് സിറിയൻ ഓർത്തഡോൿസ് പള്ളി ഗായകസംഘമായിരുന്നു. മിഡ്ലാൻഡ്സ് ഹെർമോൻ മാർത്തോമാ ചർച്ച് രണ്ടാം സ്ഥാനവും കവൻട്രി വർഷിപ് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
ജോയ് ടു ദി വേൾഡിനോടനുബന്ധിച്ച് കഴിഞ്ഞ സീസണിൽ ആരംഭിച്ച ക്രിസ്ത്യൻ ഡിവോഷണൽ സിംഗിംഗ് കോണ്ടെസ്റ്റ് ഈ വർഷവും നടക്കും. പ്രായമനുസരിച്ച് മൂന്നു ക്യാറ്റഗറികളിലാണ് മത്സരം നടക്കുക. 5 -10 വയസ്, 11 – 16 വയസ്, 17 – 21 വയസ്. ഓരോ ക്യാറ്റഗറികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീതം ഫൈനലിസ്റ്റുകൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെ കരോൾ ഗാനമത്സരത്തോടനുബന്ധിച്ച് നടക്കും. വിജയികൾക്ക് സ്പെഷ്യൽ അവാർഡുകൾ നൽകുന്നതായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി ഒക്ടോബർ 31 ന് മുമ്പായി ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള ഗായക സംഘങ്ങൾ രെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. കരോൾ ഗാനമത്സരത്തിന്റെ രെജിസ്ട്രേഷനുള്ള അവസാനതീയതി നവംബർ 10 ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Contact numbers: 07958236786 / 07828456564 / 07500058024
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല