കുപ്രസിദ്ധമായ കൂട്ടക്കൊലയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന ജഡ്ജി പിടിയില്‍. കഴിഞ്ഞവര്‍ഷം രണ്ട് സംഭവങ്ങളിലായി എഴുപത്തിയേഴ് ആളുകളെ കൊന്ന ആന്‍ഡേഴ്‌സ് ബെറിങ്ങ് ബ്രവിക്ക് എന്ന കുപ്രസിദ്ധ കൊലയാളിയുടെ വിചാരണ കോടതിയില്‍ നടക്കുമ്പോഴാണ് അഞ്ച് ജഡ്ജിമാരില്‍ ഒരാള്‍ കമ്പ്യൂട്ടറില്‍ ഓണ്‍ലൈന്‍ ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്. തിങ്കളാഴ്ച നടന്ന വിചാരണയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ജഡ്ജി ചീട്ടുകളിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ചിത്രങ്ങള്‍ ഒരു പ്രമുഖ ദിനപത്രത്തിന്റെ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഏണസറ്റ് ഹെന്നിംഗ് ഈല്‍സണ്‍ എന്ന ജഡ്ജിയാണ് വിചാരണക്കിടയില്‍ ചീട്ട് കളിച്ചുകൊണ്ടിരുന്നത്. കൂട്ടക്കൊലയ്ക്ക് സാക്ഷിയായ ഒരു സ്വീഡിഷ് പ്രൊഫസറെ വിസ്തരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈല്‍സണ്‍ ചീട്ട് കളിക്കുന്നത്. ഒപ്പമുണ്ടായിരുന്ന ജഡ്ജിമാര്‍ പ്രൊഫസര്‍ എന്താണ് പറയുന്നത് എന്നറിയാന്‍ ശ്രദ്ധിച്ചിരിക്കുമ്പോള്‍ ഈല്‍സണ്‍ മാത്രം കമ്പ്യൂട്ടറിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കോടതിയില്‍ എന്താണ് നടക്കുന്നതെന്നും സാക്ഷികളും പ്രതികളും എന്തൊക്കെ പറയുന്നുവെന്നും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ട വ്യക്തികളാണ് ജഡ്ജിമാരെന്ന് ഓസ്‌ലോ കോടതിയുടെ വക്താവ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ കോടതിനടപടികള്‍ നിരീക്ഷിക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ടെന്നും ഈല്‍സണ്‍ ആരോപണം നിഷേധിച്ചിട്ടില്ലെന്നും വക്താവ് കൂട്ടിചേര്‍ത്തു.
രണ്ടായിരത്തി പതിനൊന്ന് ജൂലൈ 22ന് ഒരു ഗവണ്‍മെന്റ് സ്ഥാപനത്തിന് നേരെ ബോംബെറിഞ്ഞ് ബ്രവിക്ക് എട്ടുപേരെ കൊന്നിരുന്നു. തുടര്‍ന്ന് ഉട്ടോവിയ ദ്വീപില്‍ നടക്കുന്ന ലേബര്‍പാര്‍ട്ടി യൂത്ത് വിംഗിന്റെ സമ്മര്‍ക്യാമ്പിലെത്തി വെടിവെയ്പ് നടത്തുകയായിരുന്നു. ആ കൂട്ടക്കൊലയില്‍ 69 യുവാക്കളാണ് മരിച്ചത്. ഈ കൂട്ടക്കൊലയെ കുറിച്ചുളള വിചാരണയാണ് ഓസ്‌ലോ കോടതിയില്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല