സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്രയേല്‍ ആഭ്യന്തര മന്ത്രിയുടെ ഭാര്യയുടെ ട്വീറ്റ് വിവാദത്തിലേക്ക്. ഒബാമ, കാപ്പി എന്താണെന്നറിയാമോ? കറുത്തതും ദുര്‍ബലവുമാണത് എന്നായിരുന്നു ഇസ്രായേല്‍ ആഭ്യന്തര മന്ത്രി സില്‍വന്‍ ഷാലോമിന്റെ ഭാര്യ ജൂഡി നിര്‍ മോസസ് ഷാലോം ട്വിറ്ററില്‍ കുറിച്ചത്.
പോസ്റ്റ് ഇട്ട് അല്പ സമയത്തിനകം തന്നെ വംശീയമായ പരാമര്‍ശമാണതെന്ന ആക്ഷേപം ഉയരുകയും പോസ്റ്റ് വൈറലാകുകയും ചെയ്തു. തുടര്‍ന്ന് ട്വീറ്റ് പിന്‍വലിച്ചെങ്കിലും വൈറ്റ് ഹൗസ് രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. അമേരിക്കന്‍ സമൂഹത്തിലെ വംശീയതയെക്കുറിച്ച് ഒബാമയുടെ പ്രതികരണമുണ്ടായ ഉടന്‍ തന്നെയാണ് അമേരിക്കയുടെ ഉറ്റ ചങ്ങാതിയായ ഇസ്രയേലില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്.
ഇസ്രായേലിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നതാണ് പരാമര്‍ശമെന്ന് പലരും പ്രതികരിച്ചു. ഇതോടെ ട്വീറ്റ് പിന്‍വലിച്ച് ജൂഡി ഖേദപ്രകടനം നടത്തി. ആരോ പറഞ്ഞ തമാശ നേരംപോക്കിന് ട്വീറ്റ് ചെയ്യുകയായിരുന്നുവെന്ന് അവര്‍ പ്രതികരിച്ചു. ആഭ്യന്തര മന്ത്രി സില്‍വന്‍ ആ സമയം ഇംഗ്ലണ്ടില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയായിരുന്നു. ഭര്‍ത്താവ് തിരിച്ചെത്തിയാല്‍ വിവാഹ ബന്ധം ഒഴിയുമോയെന്ന് പോലും താന്‍ ഭയക്കുന്നതായി അവര്‍ ട്വീറ്റ് ചെയ്തു.
ജൂഡി ഇതാദ്യമായല്ല വിവാദത്തില്‍പ്പെടുന്നത്. യൂനിസെഫിന്റെ ഇസ്രായേലിലെ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ജൂഡി 2012 ലെ ഗസ ആക്രമണത്തിനിടെ ഗസയിലെ കുട്ടികളെ അവഹേളിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയേണ്ടി വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല