സ്വന്തം ലേഖകൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിനു കൈമാറാൻ ബ്രിട്ടിഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ അനുമതി നൽകി. ഇതിനെതിരെ അപ്പീൽ നൽകുമെന്ന് വിക്കിലീക്സ് അറിയിച്ചു. പുതിയ നിയമയുദ്ധത്തിന് ഇതു വഴിതുറന്നേക്കും.
സേനയുടേതുൾപ്പെടെ ഒട്ടേറെ രഹസ്യരേഖകൾ ചോർത്തിയതിന് അസാൻജിനെതിരെ യുഎസിൽ 18 കേസുകളുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ അതിക്രമങ്ങൾ പുറത്തുകൊണ്ടുവന്നതിന് അസാൻജിനെ ശിക്ഷിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ഇരുണ്ട അധ്യായമാണ് ബ്രിട്ടന്റെ തീരുമാനമെന്ന് അസാൻജിന്റെ ഭാര്യ സ്റ്റെല്ല മോറിസ് വിശേഷിപ്പിച്ചു.
സുപ്രീം കോടതി അപ്പീൽ തള്ളിയാൽ 28 ദിവസത്തിനുള്ളിൽ അസാൻജിനെ യുഎസിനു കൈമാറും. അസാൻജിന്റെ മാനസികാരോഗ്യസ്ഥിതി പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്നും ആത്മഹത്യാ സാധ്യതയുള്ളതിനാൽ അതീവസുരക്ഷാ ജയിലിൽ താമസിപ്പിക്കണമെന്നും ഒരു ബ്രിട്ടിഷ് ജഡ്ജി ആദ്യം വിധിച്ചിരുന്നു. ഓസ്ട്രേലിയയിൽ ജനിച്ച അസാൻജിനെ ശിക്ഷ അവിടെ അനുഭവിക്കാൻ അനുവദിക്കാമെന്ന് യുഎസ് അപ്പീലിൽ ഉറപ്പു നൽകിയതിനെ തുടർന്ന് ഈ വിധി റദ്ദാക്കുകയായിരുന്നു.
175 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് അസാൻജിനെതിരെ ചുമത്തിയിട്ടുള്ളത്. യുഎസിനു കൈമാറുന്നത് അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാക്കിയേക്കുമെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ ആഗ്നസ് കലമാഡ് പറഞ്ഞു.
ലൈംഗിക അതിക്രമത്തിനു വിചാരണയ്ക്കായി അസാൻജിനെ കൈമാറണമെന്ന് 2010 ൽ സ്വീഡൻ ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ പരാജയപ്പെട്ടതോടെ 2012 ൽ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടി. സ്വീഡൻ കേസ് ഉപേക്ഷിച്ചെങ്കിലും ആ കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് 2019 ഏപ്രിലിൽ ബ്രിട്ടൻ അസാൻജിനെ ഇക്വഡോർ എംബസിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല