ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന ജൂലിയന്‍ അസാഞ്ചെയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് ചെലവഴിച്ചത് പത്ത് മില്യണ്‍ പൗണ്ട്. വിക്കിലീക്‌സ് സ്ഥാപകനായ അസാഞ്ചെ നാടുകടത്തല്‍ ഒഴിവാക്കുന്നതിനാണ് ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുന്നത്.
ഇക്വഡോര്‍ സര്‍ക്കാര്‍ അഭയാര്‍ത്ഥിയായി കഴിയാന്‍ അനുവാദം നല്‍കിയ 2012 മുതല്‍ ഇക്വഡോര്‍ എംബസി കെട്ടിടത്തിനുള്ളിലാണ് അസാഞ്ചെ താമസിക്കുന്നത്. അസാഞ്ചെ ഇവിടെ എത്തിയതിന് ശേഷം മെട്രോപൊളീറ്റന്‍ പൊലീസ് 24 മണിക്കൂറും സുരക്ഷ ഒരുക്കുന്നുണ്ട്. ഒരു ദിവസത്തെ കാവലിനും സുരക്ഷാ ക്രമീകരണത്തിനുമായി ചെലവാക്കുന്നത് 10,500 പൗണ്ടാണ്.
സ്വീഡനിലേക്കുള്ള നാടുകടത്തല്‍ ഒഴിവാക്കാനാണ് എംബസി വാസം അസാഞ്ചെ തെരഞ്ഞെടുത്തത്. സ്വീഡനിലേക്ക് നാട് കടത്തപ്പെട്ടാല്‍ അവിടെ അദ്ദേഹത്തെ കാത്തിരിക്കുന്നത് രണ്ട് സ്ത്രീകളെ അപമാനിച്ചു എന്ന കേസാണ്. അതിന് പിന്നാലെ സ്വീഡന്‍ അമേരിക്കയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാല്‍ അമേരിക്കയ്ക്ക് എതിരായ വെളിപ്പെടുത്തലുകള്‍ അടങ്ങിയ വിക്കി ടേപ്പുകളുടെയും മറ്റും വിവരങ്ങള്‍ അമേരിക്കയ്ക്ക് നല്‍കേണ്ടിയും വരും. തന്നെയുമല്ല അമേരിക്ക പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്നും അസാഞ്ചെ ഭയക്കുന്നു.
അതേസമയം അസാഞ്ചെ എംബസി വിട്ട് പോകുമോ എന്ന ഭയത്താല്‍ പോലീസിനെ കാവല്‍ നിര്‍ത്തി ഭീമമായ തുക ചെലവഴിക്കുന്നത് ആശ്ചര്യമുളവാക്കുന്നുണ്ടെന്ന് വിക്കീലിക്‌സ് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല