1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2024

സ്വന്തം ലേഖകൻ: പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ അഞ്ചു ദിവസ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുപോവുകയാണ്. 35% വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ തെരഞ്ഞെടുപ്പ് സമയം ലക്ഷ്യമിട്ടാണ് വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരം ഒഴിവാക്കാന്‍ രാഷ്ട്രീയക്കാരും, ബിഎംഎയും ഒത്തുതീര്‍പ്പിലെത്തണമെന്ന് ആരോഗ്യ മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് ശേഷം ശമ്പളക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്ന് പ്രധാന രാഷ്ട്രീയ കക്ഷികള്‍ ഉറപ്പ് നല്‍കിയാല്‍ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അഞ്ച് ദിവസ പണിമുടക്ക് ഒഴിവാക്കാന്‍ തയ്യാറാകണമെന്നാണ് ഹെല്‍ത്ത് മേധാവികള്‍ അഭ്യര്‍ത്ഥിക്കുന്നത്.

ജൂനിയര്‍ ഡോക്ടര്‍മാരുടെ പദ്ധതി എന്‍എച്ച്എസില്‍ സര്‍വ്വത്ര കുഴപ്പം സൃഷ്ടിക്കുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നടക്കില്ലെന്ന് അറിയാമെന്നിരിക്കവെ സമരത്തിന് ഇറങ്ങുന്നത് വിഷയത്തില്‍ പരിഹാരം കണ്ടെത്തുകയെന്ന ഉദ്ദേശമല്ല, മറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നിലുള്ള സ്റ്റണ്ട് മാത്രമാണെന്ന് ഇവര്‍ ആരോപിച്ചു.

എന്‍എച്ച്എസ് സേവനങ്ങള്‍ തകരാറിലാക്കുന്ന പണിമുടക്ക് ഒഴിവാക്കാന്‍ രാഷ്ട്രീയക്കാരും, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഒത്തുതീര്‍പ്പില്‍ എത്തണമെന്നാണ് ആവശ്യം ഉന്നയിക്കുന്നത്. പുതിയ ഗവണ്‍മെന്റ് രൂപീകരിച്ച് 10 ദിവസത്തിനുള്ളില്‍ ജൂനിയര്‍ ഡോക്ടര്‍മാരുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രധാന പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യണമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ പറഞ്ഞു. ഇതിന് പകരമായി ട്രെയിനിംഗ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കണം, അവര്‍ ആവശ്യപ്പെട്ടു.

റെക്കോര്‍ഡ് തലത്തിലെത്തിയ, വെയിറ്റിംഗ് ലിസ്റ്റ് തീര്‍ത്തുകൊണ്ടു വരാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് അഞ്ച് ദിവസത്തെ ഈ സമരം എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു തെരഞ്ഞെടുപ്പ്.

ഇത് സുനകിന്റെ മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമില്ല. ഒരു തെരഞ്ഞെടുപ്പ് കാലത്ത് സമരം ഉണ്ടാവുക എന്നത് ഏതൊരു ഭരണാധികാരിക്കും ആലോചിക്കാന്‍ കൂടി കഴിയാത്തതാണ്. മാത്രമല്ല, ലക്ഷക്കണക്കിന് വരുന്ന എന്‍ എച്ച് എസ് ജീവനക്കാരുടെ പിന്തുണ നഷ്ടമാകാനും സാധ്യതയുണ്ട്., അതുകൊണ്ടു തന്നെ സമരം ഒഴിവാക്കേണ്ടത് ഇപ്പോള്‍ സുനകിന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ആവശ്യമായി മാറിയിരിക്കുകയാണ്.

അതേസമയം ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്നും ബി എം എ വക്താവ് പറഞ്ഞു. വിശ്വാസയോഗ്യമായതും, നീതിപൂര്‍വ്വമായതുമായ ഒരു ഡീല്‍ വേണമെന്നാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും, സര്‍ക്കാരില്‍ നിന്നും അത് ലഭിക്കാതെ ആയതോടെയാണ് സമരം അനിവാര്യമായതെന്നും ബി എം എ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.