സ്വന്തം ലേഖകന്‍: മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ്, അറസ്റ്റിലായ ബന്ധുവിനു മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. സംഭവത്തില്‍ മിഷേലുമായി അടുപ്പത്തിലായിരുന്നു ബന്ധുവായ യുവാവിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തു. ബന്ധത്തില്‍? അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നും യുവാവ് മൊഴി നല്‍കി. പൊലീസ് ഇന്ന് ചോദ്യം ചെയ്ത സുഹൃത്തില്‍ നിന്നും ബന്ധുവായ യുവാവിന് എതിരെ മൊഴി ലഭിച്ചു. യുവാവ് മിഷേലിനെ മര്‍ദ്ദിച്ചിട്ടുണ്ട്? എന്നും നിരന്തരം ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും സുഹൃത്ത് മൊഴി നല്‍കി. മിഷേലിന്റെ ആത്മഹത്യക്ക് കാരണം അടുപ്പമുണ്ടായിരുന്ന ബന്ധുവിന്റെ നിരന്തര സമ്മര്‍ദ്ദമാണെന്ന് പൊലീസ് പറഞ്ഞു.
മാര്‍ച്ച് നാലിന് 57 തവണയാണ് യുവാവ് മിഷേലിന് മെസ്സേജ് അയച്ചത്, 3 തവണ വിളിക്കുകയും ചെയ്തതു. മിഷേലിനെ കാണാതായ അഞ്ചാം തിയ്യതി 6 തവണ യുവാവ് മിഷേലിനെ വിളിക്കുകയും 32 തവണ മെസേജ് ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദമാകാം മിഷേലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളുടെയും കോളുകളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റു ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിയായിരുന്ന ഇലഞ്ഞി സ്വദേശിയായ മിഷേലിന്റെ മൃതദേഹം മാര്‍ച്ച് ആറിന് കൊച്ചി വാര്‍ഫിലാണ് കണ്ടെത്തുന്നത്. മാര്‍ച്ച് അഞ്ചിന് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ പിന്നീട് കാണാതാകുകയായിരുന്നു. തുടര്‍ന്ന് മിഷേലിനെ എറണാകുളം വാര്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസെത്തിയത്. എന്നാല്‍ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് രംഗത്തു വന്നതോടെ സമൂഹ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു.
മിഷേല്‍ കലൂര്‍ പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പിന്തുടരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതും സംഭവത്തിന്റെ ദുരൂഹത കൂട്ടി. ഞായറാഴ്ച വൈകീട്ട് മിഷേലിനെ ഗോശ്രീ പാലത്തിനു സമീപം കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതും ആത്മഹത്യയെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കാരണായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല