1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2011

ജസ്റ്റിസ് കെ.ടി. തോമസ്

യേശു ക്രിസ്തു ജനിച്ചത് ഡിസംബര്‍ 25ന് ആണന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ അദ്ദേഹം ജനിച്ചതീയതി ആര്‍ക്കുമറിയില്ല എന്നതാണ് സത്യം. എന്‍െറ ശൈശവകാലത്ത് റോമന്‍ കത്തോലിക്കാസഭയും സി.എസ്.ഐ ഉള്‍പ്പെടെ ആംഗ്ളിക്കന്‍ സഭകളും ഡിസംബര്‍ 25ന് ക്രിസ്മസായി ആഘോഷിക്കുമ്പോള്‍ യാക്കോബായ,ഓര്‍ത്തഡോക്സ്,മാര്‍ത്തോമ തുടങ്ങിയ പൗരസ്ത്യസഭകള്‍ ജനുവരി 7നായിരുന്നു ക്രിസ്മസ് കൊണ്ടാടിയിരുന്നത്. നിങ്ങളുടെ യേശു ഒരാണ്ടില്‍ രണ്ടു പ്രാവശ്യം ജനിച്ചിട്ടുണ്ടോ എന്ന് പല കുട്ടികളും അക്കാലത്ത് എന്നോടു ചോദിച്ചിരുന്നു. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ലജ്ജ അനുഭവപ്പെടുകയും ചെയ്തിരുന്നു.

പില്‍കാലത്ത് ഇതേപ്പറ്റി പഠിച്ചപ്പോഴാണ് അറിയുന്നത്, ക്രിസ്താബ്ദം ആദ്യ രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലൊന്നും യേശുവിന്‍െറ ജനനം ക്രിസ്ത്യാനികള്‍ ആഘോഷിച്ചിരുന്നില്ല എന്ന്. ജനനതീയതി എന്നാണെന്ന് അറിയുകയുമില്ലായിരുന്നു. ക്രിസ്തുമതം ഗ്രീക്ക്,റോമന്‍ സാമ്രാജ്യങ്ങളിലേക്ക് കടന്നുചെല്ലുന്ന കാലത്ത് കോണ്‍സ്റ്റന്‍ൈറന്‍ ചക്രവര്‍ത്തി യായിരുന്ന മൈത്രേ പാഗണ്‍മത വിശ്വാസിയായിരുന്നു. ആ മതപ്രകാരം സൂര്യനായിരുന്നു ഏറ്റവുംപ്രധാന ദൈവം. സൂര്യന്‍െറ ജന്മദിനമായി ആഘോഷിച്ചിരുന്നത് ഡിസംബര്‍ 25 ആയിരുന്നു. അത് ഇംഗ്ളീഷ് കലണ്ടര്‍ പ്രകാരം ആയിരുന്നെങ്കില്‍ അതിന്‍െറ തത്തുല്ല്യ റോമന്‍ കലണ്ടര്‍ തീയതിയായിരുന്നു ജനുവരി ഏഴ്. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചുകഴിഞ്ഞപ്പോള്‍ സൂര്യദേവന്‍െറ ജന്മദിനാഘോഷം നിര്‍ത്തല്‍ചെയ്ത് പകരം ആ ദിവസം ലോകത്തിനു വെളിച്ചം നല്‍കിയ യേശുക്രിസ്തുവിന്‍െറ ജന്മദിനമായി അത് ആഘോഷിച്ചാല്‍ മതിയെന്ന് ആജ്ഞ പുറപ്പെടുവിച്ചു.

യേശു ജനിച്ച തീയതിയെപ്പറ്റി നിശ്ചയമില്ളെങ്കിലും അദ്ദേഹം ജനിച്ചിരുന്നു എന്നതിനെക്കുറിച്ച് ഒരു തര്‍ക്കവുമില്ല. യേശുവിന്‍െറ ജനനം സംബന്ധിച്ച് ബൈബ്ളില്‍ പറയുന്ന ശ്രദ്ധേയമായ ഒരു ഭാഗം ഇതാണ്. യേശുവിന്‍െറ മാതാവായ മറിയത്തോട് ഒരു ദൈവദൂതന്‍ വന്നു പറഞ്ഞു: നീ ഒരു മകനെ പ്രസവിക്കാന്‍ പോവുകയാണ്, അവന്‍ ലോകത്തിന്‍െറ രക്ഷകനാകും, അതുകൊണ്ട് അവന് യേശു എന്ന് പേരിടണം.യേശു എന്ന വാക്കിന് അവരുടെ ഭാഷയായ അറാമിക്കില്‍ രക്ഷകന്‍ എന്നാണര്‍ഥം. ഈ ദൈവദൂതന്‍തന്നെ യേശുവിന്‍െറ പിതാവാകാന്‍ ദൈവം കരുതിവെച്ചിരുന്ന യൗസേപ്പിനോട് ഇതേകാര്യം പറഞ്ഞു. യേശു ജനിച്ചുകഴിഞ്ഞപ്പോള്‍ ആടുകളെ മേച്ചുനടന്ന കാലിപ്പിള്ളേരോട് ദൈവത്തിന്‍െറ ദൂതന്മാര്‍ വന്നു പറഞ്ഞു നിങ്ങള്‍ക്ക് ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു.

കൈക്കുഞ്ഞായ യേശുവിനെയും കൊണ്ട് മാതാപിതാക്കള്‍ ഒരു ദേവാലയത്തില്‍ചെന്നപ്പോള്‍ യേശുവിന്‍െറ വരവിനായി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന വയോധികനായ ഒരു താപസന്‍ തന്‍െറ കൈകളില്‍ ഈ കുഞ്ഞിനെ വാങ്ങിയിട്ട് ദൈവത്തെ മഹത്വപ്പെടുത്തി പറഞ്ഞത് ‘ഇപ്പോള്‍ ഞാന്‍ രക്ഷ കണ്ടിരിക്കുന്നു’ എന്നാണ്. ഇതൊക്കെക്കൊണ്ടുതന്നെ യേശു എന്നത് മനുഷ്യരാശിയുടെ രക്ഷക്ക് ദൈവം കരുതിയിരുന്ന പ്രവാചകനായിരുന്നു എന്നത് വ്യക്തമാക്കപ്പെടുകയാണ്.
എന്നാല്‍, ദൈവദൂതന്മാര്‍ ആട്ടിടയന്മാരോട് പറഞ്ഞ ഒരു സംഗതി ഈ സന്ദര്‍ഭത്തില്‍ എടുത്തുകാണിക്കാന്‍ ആഗ്രഹിക്കുകയാണ്. ‘നിങ്ങള്‍ക്ക് ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു, അത് കാണണമെങ്കില്‍ അതിന്‍െറ അടയാളം പറഞ്ഞുതരാം, കാലിത്തൊഴുത്തില്‍ പഴന്തുണി കഷണങ്ങളില്‍ പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങള്‍ കാണും, അതാണ് ലോകത്തിന്‍െറ രക്ഷകന്‍’. ആട്ടിടയന്മാര്‍ പോയി കണ്ടു, കുഞ്ഞിനെ വണങ്ങി എന്നാണ് ബൈബ്ള്‍ രേഖപ്പെടുത്തുന്നത്.

ഇത് ചിന്തോദ്ദീപകമായ സംഭവമാണ്. ലോകത്തിന്‍െറ രക്ഷയുടെ അടയാളം കാലിത്തൊഴുത്തും പഴന്തുണികഷണങ്ങളും ശിശുവുമാണ് എന്ന സന്ദേശമാണ് ഇതു വെളിവാക്കുന്നത്. അന്നത്തെ കാലിത്തൊഴുത്ത് കന്നുകാലികളുടെ ചാണകവും മൂത്രവും നിറഞ്ഞ് മലീമസമായികിടന്നിരുന്ന ചെറിയ കുടിലാകാനേ തരമുള്ളൂ. അവിടെ മനുഷ്യന് ജനിക്കേണ്ടി വന്നത് ഭവനമില്ലായ്മയുടെയും പരിസരശുചിത്വമില്ലായ്മയുടെയും സുഗന്ധമില്ലായ്മയുടെയും വിവരണമാണ് നല്‍കുന്നത്. രക്ഷയുടെ അടയാളമായാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്. പഴന്തുണികഷണംകൊണ്ട് കുഞ്ഞിനെ പൊതിഞ്ഞുഎന്നു പറയുന്നത് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. ലോകത്തെ മറ്റേതുജീവികള്‍ ജനിച്ചാലും പരസഹായമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുമെങ്കില്‍ ഒരാളുടെ സഹായമില്ലാതെ ഒരടി അനങ്ങാന്‍ സാധിക്കാത്തത് മനുഷ്യക്കുഞ്ഞിനാണ്. ശിശു എന്നതിന്‍െറ സൂചന അതാണ്.അപ്പോള്‍, ദൈവത്തിന്‍െറ വീക്ഷണത്തില്‍ രക്ഷയുടെ അടയാളം എന്താണ് എന്നതിന് മനസ്സിലാക്കേണ്ടത് ഇക്കാര്യങ്ങളാണ്. പാര്‍പ്പിടമില്ലാത്തവരും ദരിദ്രരും പരസഹായം അര്‍ഹിക്കുന്ന മനുഷ്യരും അതാണ് ദൈവം കാണിച്ചുതന്നത്.

ഒരു ചങ്ങലക്ക് 100 കണ്ണിയുണ്ടെങ്കില്‍, 99ഉം ഇരുമ്പുകണ്ണിയും ഒന്ന് ചരടുമാണന്ന് സങ്കല്‍പിക്കുക. ചങ്ങലയുടെ ബലം അളക്കുന്നത് അതില്‍ ഏറ്റവുംബലഹീനമായ കണ്ണികൊണ്ടായിരിക്കും. അതുപോലെ ഒരു സമൂഹത്തിന്‍െറ ശക്തി നിര്‍ണയിക്കുന്നത് അതില്‍ ഏറ്റവും ബലഹീനവിഭാഗത്തെ കണ്ടുകൊണ്ടായിരിക്കണം. ക്രിസ്മസ് നല്‍കുന്ന സന്ദേശവും ഇതാണ്.

കടപ്പാട് : മാധ്യമം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.