സ്വന്തം ലേഖകന്‍: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കര്‍ണന്‍ കൊയമ്പത്തൂരില്‍ അറസ്റ്റില്‍. ഒന്നര മാസത്തെ ഒളിവു ജീവിതത്തിന് ശേഷമാണ് അദ്ദേഹം പിടിയിലായത്. മരമിച്ചംപെട്ടി എന്ന സ്ഥലത്തായിരുന്നു അദ്ദേഹം ഒളിവില്‍ കഴിഞ്ഞിരുന്നത്. കര്‍ണനെ കൊല്‍ക്കത്തയിലേക്ക് കൊണ്ടു പോകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
താന്‍ തീവ്രവാദിയല്ലെന്ന് ജസ്റ്റിസ് സി.എസ്. കര്‍ണന്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. താന്‍ കുറ്റവാളിയല്ല. നീതിന്യായ വ്യവസ്ഥയില്‍ ജാതിയും അഴിമതിയും കൊടികുത്തിവാഴുകയാണ്. ജുഡീഷ്യറി രംഗത്തുള്ള അഴിമതിയെ ന്യായീകരിക്കുകയാണ് സുപ്രിം കോടതി. നന്മ ലക്ഷ്യമാക്കിയാണ് തന്റെ സമരം. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
ചരിത്രത്തില്‍ ആദ്യമായി കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് കര്‍ണന്‍ മാധ്യമശ്രദ്ധ നേടുന്നത്. അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ കര്‍ണനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി.
തന്റെ സഥലം മാറ്റ ഉത്തരവ് അദ്ദേഹം സ്വയം റദ്ദാക്കിയെങ്കിലും പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ചുമതലയേറ്റു. പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജുമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് കര്‍ണന്‍ കത്തയച്ചു. തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുകയായിരുന്നു.
ഈ കേസില്‍ മാര്‍ച്ച് 31ന് കോടതിയില്‍ ഹാജരായ കര്‍ണന്‍ കഴിഞ്ഞ മാസം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കേഹാര്‍ ഉള്‍പ്പെടെയുള്ള സുപ്രീം കോടതിയിലെ ഏഴ് ജഡ്ജുമാര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രാജ്യത്തെ ഞെട്ടിച്ചു. എന്നാല്‍ സമന്‍സ് കൈപ്പറ്റിയ ജഡ്ജുമാര്‍ കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് ഉത്തരവിട്ട് തിരിച്ചടിച്ചു. അദ്ദേഹം പിന്നീട് വൈദ്യപരിശോധനയ്ക്ക് വിസമ്മതിച്ചു.
തുടര്‍ന്ന് ജസ്റ്റിസ് കര്‍ണനെ ആറ് മാസത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിക്കുകയായിരുന്നു. ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് കര്‍ണന്‍ ഒളിവില്‍ പോയത്. ഒളിവില്‍ കഴിയവെ ശിക്ഷ റദ്ദാക്കാന്‍ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്ന് രാഷ്ട്രപതിയെയും കര്‍ണന്‍ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല