സ്വന്തം ലേഖകന്‍: മുംബൈയെ പാട്ടുപാടി നൃത്തം ചെയ്യിച്ച് പോപ്പ് രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍, ഒപ്പം വിചിത്രമായ ആവശ്യങ്ങളുടെ പട്ടിക തുടരുന്നു, കേരളത്തില്‍ നിന്ന് ഉഴിച്ചില്‍കാരിയും യാത്ര ചെയ്യാന്‍ റോള്‍സ് റോയ്‌സും. ബുധനാഴ്ച നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു കൊടുംചൂടു വകവെക്കാതെ ഉച്ച മുതല്‍ കാത്തുനിന്ന ആരാധകരെ ബീബര്‍ നൃത്തം ചെയ്യിച്ചത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതവിരുന്നുകളിലൊന്നില്‍ ജസ്റ്റിന്‍ ബീബര്‍ ഗാനമാലപിച്ചപ്പോള്‍ ഇരുപത്തഞ്ചംഗ നര്‍ത്തക സംഘം അതിനൊത്തു ചുവടുവെച്ചു. കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്നും ലേസര്‍ പ്രകാശവും എല്‍.ഇ.ഡി. ലൈറ്റുകളും പരിപാടിക്ക് നിറപ്പകിട്ടേകി.രാത്രി 8.10നാണ് ജസ്റ്റിന്‍ ബീബര്‍ കാണികളെ ത്രസിപ്പിച്ചുകൊണ്ട് വേദിയിലെത്തുന്നത്. ‘മാര്‍ക്ക് മൈ വേഡ്‌സ്’ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ‘വേര്‍ ആര്‍ യു നൗ’, ‘ബേബി’, ‘ബോയ്ഫ്രന്‍ഡ്’, ‘വാട്ട് ഡു യു മീന്‍’, തുടങ്ങിയ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ച ബീബര്‍ കൂടുതല്‍ സമയം നീക്കിവെച്ചത് പുതിയ ആല്‍ബമായ പര്‍പ്പസിലെ പാട്ടുകള്‍ക്കാണ്.
ബീബറിന്റെ പ്രകടനം കാണാന്‍ ബോളിവുഡ് താരങ്ങളായ അലിയ ഭട്ട്, ടൈഗര്‍ ഷ്രഫ്, മലൈക അറോറ, സണ്ണി ലിയോണ്‍, അര്‍ജുന്‍ രാംപാല്‍, സൊണാലി ബെന്ദ്രെ, അര്‍ബാസ് ഖാന്‍ തുടങ്ങി പ്രമുഖരുടെ വന്‍ നിര തന്നെ എത്തിയിരുന്നു. ആല്‍ബത്തിന്റെ പ്രചാരത്തിനായുള്ള ‘പര്‍പ്പസ് വേള്‍ഡ് ടൂറി’ന്റെ ഭാഗമായാണ് കനേഡിയന്‍ പോപ്പ് ഇതിഹാസം ആദ്യമായി ഇന്ത്യയിലെത്തിയത്. ദുബായിലെ സംഗീതനിശ കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ മുംബൈയില്‍ വിമാനമിറങ്ങിയ ബീബറെ കാണാന്‍ ഉച്ചയ്ക്കു മുമ്പുതന്നെ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരെത്തിയിരുന്നു.
താരം എത്തമ്യ ഉടന്‍ സംഘാടകര്‍ക്കു നല്‍കിയ വിചിത്രമായ ആവശ്യങ്ങളുടെ പട്ടികയും വാര്‍ത്തയായി. തന്റെ സംഘത്തിലുള്ളവരുടെ യാത്രയ്ക്ക് 10 ആഡംബര സെഡാനുകളും രണ്ട് വോള്‍വോ ബസുകളും. തന്റെ യാത്രയ്ക്കായി റോള്‍സ് റോയ്‌സ് കാര്‍. പരിപാടി കഴിഞ്ഞ് വിശ്രമിക്കുന്നതിന് പിങ്‌പോങ് ടേബിള്‍, ഹോവര്‍ ബോര്‍ഡ്. ഹോട്ടല്‍ മുറിയില്‍ ആഡംബര സോഫകളും വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, മസാജ് ടേബിള്‍ അടക്കമുള്ള സൗകര്യങ്ങള്‍, കേരളത്തില്‍ നിന്നുള്ള അംഗീകാരമുള്ള തിരുമ്മുകാരി.
പരിപാടി നടക്കുന്ന സ്‌റ്റേജിലേക്ക് പറക്കാന്‍ പ്രത്യേക ഹെലികോപ്റ്റര്‍, വാനില റൂം ഫ്രെഷര്‍, ബീബര്‍ക്ക് മാത്രമായി പ്രത്യേക ലിഫ്റ്റ്, ചൂടുജല പ്രവാഹമുള്ള പ്രത്യേക നീന്തല്‍ക്കുളം. കേരളത്തില്‍ നിന്നുള്ള അംഗീകാരമുള്ള തിരുമ്മുകാരി. പാചകം ചെയ്യാന്‍ പ്രശസ്തരായ അഞ്ച് പാചകക്കാര്‍. വേദിക്ക് പിന്നില്‍ 30 വിശ്രമമുറികള്‍ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങള്‍. സംഗീത നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ എസ്. രവിയാണ് ബീബറിന്റെ നിബന്ധനകളുടെ പട്ടിക പുറത്ത് വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല