സ്വന്തം ലേഖകൻ: ഇന്ത്യക്കുനേരെ ഗുരുതര ആരോപണമുന്നയിച്ചതും ഖലിസ്താൻ വാദക്കാരോടുള്ള ആഭിമുഖ്യവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയിലുണ്ടാക്കിയത് വൻ ഇടിവ്. ‘ഗ്ലോബൽ ന്യൂസി’നുവേണ്ടി കാനഡയിലെ വിപണിഗവേഷണ സ്ഥാപനമായ ‘ഇപ്‌സോസ്’ നടത്തിയ അഭിപ്രായസർവേയിലാണ് തിരിച്ചടി. വോട്ടുരേഖപ്പെടുത്തിയവരിൽ 40 ശതമാനവും ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രതിപക്ഷനേതാവ് പിയർ പൊളിയേവ് പ്രധാനമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചു.
30 ശതമാനം വോട്ടാണ് ലിബറൽ പാർട്ടിയുടെ നേതാവുകൂടിയായ ട്രൂഡോയ്ക്ക് ലഭിച്ചത്. ന്യൂഡെമോക്രാറ്റിക് പാർട്ടിയുടെ ജഗ്‍മീത് സിങ്ങിന് സർവേയിൽ 22 ശതമാനം വോട്ടുലഭിച്ചു. ഖലിസ്താനോട് അനുഭാവമുള്ള ഇന്ത്യൻ വംശജനായ ജഗ്‍മീതിന്റെ പാർട്ടി ട്രൂഡോ സർക്കാരിൽ സഖ്യകക്ഷിയാണ്. അറ്റ്‌ലാന്റിക് കാനഡയിൽ പൊളിയേവിന് ട്രൂഡോയെക്കാൾ 20 ശതമാനത്തിന്റെ ലീഡുണ്ട്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പൊളിയേവിന്റെ ജനപ്രീതി അഞ്ചുശതമാനം വർധിച്ചു. ഈസമയത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ട്രൂഡോയെ തറപറ്റിച്ച് പൊളിയേവിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി രാജ്യം ഭരിക്കുമെന്നാണ് സർവേ ഫലം. 2025-ലാണ് കാനഡയിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്.
ജൂലായിൽനടന്ന മറ്റൊരു അഭിപ്രായസർവേയിൽ കഴിഞ്ഞ 50 വർഷത്തിനിടെയുള്ള ഏറ്റവും മോശംപ്രധാനമന്ത്രിയെന്ന വിശേഷണവും ട്രൂഡോ നേടിയിരുന്നു. അതേസമയം, 1968മുതൽ 79വരെയും 1980മുതൽ 84വരെയും കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയാണ് കാനഡയുടെ ചരിത്രത്തിലെ ജനപ്രീതിയുള്ള പ്രധാനമന്ത്രി.
ഖലിസ്താൻ ഭീകരർക്കെതിരേയും അനുകൂലപ്രസ്ഥാനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കാത്തതിൽ ട്രൂഡോസർക്കാരിനെ ഇന്ത്യ പലതവണ അപലപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല