സ്വന്തം ലേഖകന്‍: നിര്‍ഭയ കുട്ടിക്കുറ്റവാളി പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ബാലനീതി ബില്‍ രാജ്യസഭ പാസാക്കി, കുട്ടിക്കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കാനുള്ള പ്രായം 16 ആക്കി കുറച്ചു. പതിനാറ് വയസ് പൂര്‍ത്തിയായവര്‍ ഹീനമായ കുറ്റകൃത്യം നടത്തിയാല്‍ മുതിര്‍ന്നവരെപ്പോലെ പരിഗണിച്ചു വിചാരണ നടത്തുന്നത് അടക്കമുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണു ബില്‍ പാസാക്കിയത്.
ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ നിയമമാവും. എന്നാല്‍, നിയമം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ സാധിക്കില്ലെന്നു കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി എം.വെങ്കയ്യ നായിഡു അറിയിച്ചു. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച ജ്യോതി സിങ്ങിന്റെ മാതാപിതാക്കളായ ബദ്രി നാഥ് സിങ്ങ്, ആശാദേവി എന്നിവരുടെ സാന്നിധ്യവും ഈ സമയത്ത് രാജ്യസഭയിലുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം തയാറാക്കപ്പെട്ട ബില്‍ ഇക്കഴിഞ്ഞ മേയില്‍ ലോക്സഭ പാസാക്കിയിരുന്നു. 2000 ല്‍ പാസാക്കിയ, നിലവില്‍ പ്രാബല്യത്തിലുള്ള ജുവനൈല്‍ ജസ്റ്റിസ് ആക്ടിന് പകരമായാണ് ഈ ബില്‍.
രാജ്യസഭ ശബ്ദവോട്ടോടെയാണു ബില്‍ പാസാക്കിയത്. പുതിയ നിയമപ്രകാരം ക്രൂരമായ കുറ്റകൃത്യം നടത്തുന്ന 16 നും 18 നും ഇടയില്‍ പ്രായമുള്ളവരെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തും.
16 വയസ് തികഞ്ഞ കുറ്റവാളികള്‍ക്ക് ഇനി കുട്ടികളെന്ന പരിഗണന ലഭിക്കില്ല. അതില്‍ താഴെ ഗൗരവമുള്ള സമാന പ്രായക്കാരായ കുട്ടികളെ ആവശ്യമെങ്കില്‍ 21 വയസിന് ശേഷം മുതിര്‍ന്നവരായി പരിഗണിച്ചു വിചാരണ നടത്താം. കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളെയാണ് ക്രൂരമായ കുറ്റകൃത്യമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ഓരോ ജില്ലയിലും ഒന്നോ അതിലധികമോ ശിശു ക്ഷേമ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ബില്‍ വ്യക്തമാക്കുന്നു. ശിശുക്ഷേമവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുക, കുട്ടികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളെ നിരീക്ഷിക്കുക തുടങ്ങിയവ കമ്മിറ്റിയുടെ ചുമതലയാണ്. കൂടാതെ അനാഥകള്‍, ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍, ലൈംഗിക പീഡനത്തിനിരയായ കുട്ടികള്‍ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പ് വരുത്തുക എന്നതും കമ്മിറ്റിയുടെ ഉത്തരവാദിത്വമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല