സുജു ജോസഫ്: ഓരോ പ്രവാസിയ്ക്കും പറയാനുള്ള കുടിയേറ്റത്തെ കുറിച്ചും സഹനത്തെ കുറിച്ചുമായിരിക്കും. പ്രവാസത്തിന്റെ കയ്പുനീരും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും ഏറെ കുടിച്ചിറക്കിയ മലയാളിയെ സംബന്ധിച്ചിടത്തോളം കുടിയേറ്റത്തെ കുറിച്ച് അധികമൊന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാല്‍ കാലഘട്ടം മാറികൊണ്ടിരിക്കുന്നതിന് അനുസരിച്ച് കുടിയേറ്റത്തിലും വ്യത്യാസമുണ്ടാകുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് ‘ജ്വാല’യുടെ ക്രിസ്തുമസ് ലക്കത്തിലെ ലേഖനമായ കുടിയേറ്റത്തിന്റെ ഭൂമിയും കുടിയേറ്റക്കാരുടെ വര്‍ത്തമാനവും.
കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ കഥയില്‍ നിന്ന് കേരളത്തിലേക്കുള്ള കുടിയേറ്റത്തിന്റെ കഥയാണ് ലേഖകനായ അബ്ദുള്ള പേരാമ്പ്ര പറയുന്നത്. കേരളത്തിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റവും ഒപ്പം അവര്‍ നേരിടുന്ന പ്രതിസന്ധികളും ലേഖകന്‍ കൃത്യമായി ലേഖനത്തില്‍ നിരീക്ഷിച്ചിരിക്കുന്നു. മാത്രമല്ല അന്യസംസ്ഥാന തൊഴിലാളികളുടെ വരവോട് കേരള സംസ്ഥാനത്തുണ്ടായ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവിനെ കുറിച്ചൊരു പഠനം നടത്താനും ലേഖനത്തില്‍ മുതിര്‍ന്നിട്ടുണ്ട്.
യുക്മ ദേശീയ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് ശേഷം പുറത്തിറങ്ങുന്ന ജ്വാലയുടെ ആദ്യലക്കമാണ് ഇത്. മാസങ്ങളോളം നീണ്ട കഠിനാദ്ധ്വാനം വിജയം കണ്ടതിന്റെ സംതൃപ്തിയിലാണ് അണിയറപ്രവര്‍ത്തകര്‍. ഏറെ അധ്വാനത്തിന് ശേഷം ഒരു ഇടവേളയുടെ ആവശ്യകതയെ കുറിച്ച് എഡിറ്റര്‍ റജി നന്തിക്കാട്ട് മുഖപ്രസംഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ജീവജാലങ്ങളെല്ലാം ആയാസരഹിതമായ ഒരുജീവിതം നയിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം വൈവിധ്യമാര്‍ന്ന മേഖലയിലേക്ക് ബുദ്ധിയേയും ഭാവനയേയും കടത്തിവിട്ട് ജീവിച്ചുകൊണ്ട് വിശ്രാന്തിയുടെ ഗുണമറിയാതെ മയങ്ങികിടക്കും. ചെയ്യാനുള്ള കര്‍മ്മങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നവര്‍ക്കുള്ള അനുഗ്രഹമാണ് വിശ്രമെന്ന് മുഖപ്രസംഗത്തില്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
യൂസഫ് അറയ്ക്കല്‍ എന്ന വലിയ മനുഷ്യനേയും അതിലേറെ വലിയ ചിത്രകാരനേയും ഓര്‍മ്മിക്കുകയാണ് ഫൈസല്‍ ബാവ തന്റെ ലേഖനത്തിലൂടെ. നിഴലും വെളിച്ചവും സമര്‍ത്ഥമായി ക്യാന്‍വാസിലേക്ക് പകര്‍ത്തിയിട്ട അദ്ദേഹം തന്റെതായ ശൈലിയില്‍ ഒരു രചനാശൈലി രൂപപ്പെടുത്തിയപ്പോഴും അറയ്ക്കല്‍ ശൈലി ഒറ്റപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
പി.ജെ.ജെ. ആന്റണി എഴുതിയ ഏഴ് അങ്കങ്ങളില്‍ ശുഭപര്യവസായിയായ ഒരു ദുരന്തനാടകമാണ് ഈ ലക്കത്തിലെ മറ്റൊരു ഹൈലറ്റ.് വി.കെ. പ്രഭാകരന്‍ എഴുതിയ താനേ അഴിയുന്ന ഓര്‍മ്മകളുടെ കോന്തല വായനക്കാരനെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്നു.
സുനില്‍ സി.ഇ എഴുതിയ ചെറിയ ഇനം നനവുകള്‍, അനുപ്രീയ എ.കെയുടെ ചാടിക്കടി എന്ന കവിത, സജുദില്‍ മുജീബിന്റെ സുറുമക്കണ്ണുകള്‍ എന്ന കഥ, മാധവ് കെ. വാസുദേവന്റെ കാണാക്കിനാക്കള്‍ എന്ന കവിത, സൂസ്സന്‍ തോമസ് എഴുതിയ ഒരു ഗര്‍ഭിണിയുടെ ഓര്‍മ്മകള്‍ എന്നിവയാണ് ഈ ലക്കത്തിലെ മറ്റ് സാഹിത്യരചനകള്‍. 2016 ലെ അവസാന ലക്കവും അതിമനോഹരമായി അണിയിച്ചൊരുക്കിയ ജ്വാല എഡിറ്റര്‍ റജി നന്തികാട്ടിനെയും എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളെയും യുക്മ സാംസ്‌ക്കാരിക വേദി നേതാക്കളെയും യുക്മ ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു, ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
താല്പര്യമുള്ളവര്‍ക്ക് jwalaemagazine@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ജ്വാലയിലേക്ക് കൃതികള്‍ അയക്കാവുന്നതാണ്. എന്‍ഫീല്‍ഡില്‍ നിന്നുള്ള ലിന്‍ ജിജോയാണ് ക്രിസ്തുമസ് ലക്കത്തിന് മോടികൂട്ടാന്‍ മുഖചിത്രമായി എത്തിയിരിക്കുന്നത്. ജ്വാല ഡിസംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല