സുജു ജോസഫ്: പരിമിതികളുടെ തടവറയില്‍ വീര്‍പ്പുമുട്ടികഴിയുന്നവരെ വിജയത്തിന്റെ മന്ത്രം ഓര്‍മ്മിപ്പിക്കുന്നതാണ് ജ്വാലയുടെ പുതുവര്‍ഷ ലക്കം. ചീഫ് എഡിറ്റര്‍ റജി നന്തിക്കാട്ട് പുതുവര്‍ഷലക്കത്തില്‍ എഴുതിയ എഡിറ്റോറിയലിലാണ് അമേരിക്കന്‍ നോവലിസ്റ്റ് ആയ റിച്ചാര്‍ഡ് ബാഷിന്റെ ‘ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍’ എന്ന നോവലിനെ കുറിച്ച് പറയുന്നത്. പരിമിതികളെ സാധ്യതകളാക്കുന്നതാണ് പുതിയ കാലഘട്ടത്തിന്റെ വിജയമന്ത്രമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. പരിമിതികളെ കുറിച്ച് ആകുലപ്പെട്ടുകൊണ്ട് സ്വന്തം കഴിവുകള്‍ തിരിച്ചറിയാതെ കഴിയുന്നവര്‍ക്ക് നല്‍കാന്‍ ഈ പുതുവര്‍ഷത്തില്‍ നല്‍കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച വിജയമന്ത്രം തന്നെയാണ് ഇത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യുക്മയുടെ ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്ന മാസം കൂടിയാണ് ഇത്. വരുന്ന ശനിയാഴ്ചയാണ് യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞുപോയ രണ്ട് വര്‍ഷത്തെ യുക്മയുടെ സംഘടനാജീവിതം നല്‍കിയ അനുഭവങ്ങളിലേക്ക് ദേശീയ സെക്രട്ടറി സജീഷ് ടോം നടത്തിയ തിരിഞ്ഞുനോട്ടമാണ് ഇക്കുറി ജ്വാലയിലെ പ്രധാന ലേഖനം. 2015 ജനുവരി മാസത്തില്‍ അധികാരമേറ്റെടുത്ത നിലവിലെ ഭരണസമിതി നടപ്പിലാക്കിയ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും ദേശീയ കലാ കായിക മേളകളെ കുറിച്ചും യുക്മ ഏറ്റടുത്തു നടപ്പിലാക്കിയ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചും അദ്ദേഹം വളരെ വിശദമായി തന്നെ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കഴിഞ്ഞുപോയ വര്‍ഷദളങ്ങള്‍ കര്‍മ്മബന്ധുരമായിരുന്നു എന്ന സംതൃപ്തിയോടെയാണ് യുക്മയുടെ നേതൃത്വത്തില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പ്രവാസജീവിതത്തില്‍ നാടിന്റെ സംസ്‌കാരത്തെ മുറുകെ പിടിക്കുന്നതിന് ഒരു വേദി ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് നാല് വര്‍ഷം മുന്‍പ് യുക്മ സാംസ്‌കാരിക വേദി എന്ന യുക്മയുടെ പോഷകസംഘടന പിറവിയെടുക്കുന്നത്. അന്നുമുതലിങ്ങോട്ട് യുകെ മലയാളികളുടെ സാംസ്‌കാരിക ജീവിതത്തില്‍ യുക്മ സാംസ്‌കാരികവേദി ചെലുത്തിയ നിര്‍ണ്ണായകമായ സ്വാധീനത്തെ കുറിച്ചാണ് യുക്മ സാംസ്‌കാരിക വേദി കണ്‍വീനറായ സി.എ. ജോസഫ് സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനത്തിളക്കത്തില്‍ യുക്മയുടെ ജൈത്രയാത്ര കൂടുതല്‍ തേജസ്സോടെ മുന്നോട്ട് എന്ന ലേഖനത്തിലൂടെ പറയുന്നത്.
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സാഹിത്യ മത്സരങ്ങള്‍, സംഗീത കലാവിഭാഗങ്ങളിലെ മത്സരങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, തുടങ്ങിയവ ഇതിനോടകം തന്നെ യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു. സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എല്ലാ മാസവും പുറത്തിറക്കുന്ന ‘ജ്വാല’ ഇമാഗസീന്‍ യുകെ മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രസിദ്ധീകരണമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്‌കാരവും ഹൃദയവിശാലതയുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിയ്ക്ക് സാധിക്കട്ടെ എന്ന ആശംസയോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
വിഖ്യാത സംവിധായകന്‍ ജോണ്‍ എബ്രാഹിമിന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്രം മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ചിത്രത്തില്‍ അഭിനയിച്ച നടന്‍ ഹരിനാരായണന്റെ ഓര്‍മ്മകളാണ് ‘ഓര്‍മ്മ’ എന്ന വിഭാഗത്തില്‍ ഒ.സി. സഫിയ വരച്ചിടുന്നത്. ജോണ്‍ എബ്രഹാമിലൂടെ നിലവിലെ കലയുടെ അവസ്ഥയെ കുറിച്ചും പുഴപോലെ ഒഴുകിപ്പോകുന്ന തന്റെ ജീവിതത്തെ കുറിച്ചും ഹരിനാരായണ്‍ ഓര്‍ത്തെടുക്കുന്നു.
ശ്രീല വി.വി. എഴുതിയ ഗുരുദക്ഷിണ എന്ന കവിത, സുനി സുരേന്ദ്രന്റെ പിറവി എന്ന കഥ, കെ.വി.സുമിത്രയുടെ മരണം ആരെ മറച്ചുവെയ്ക്കുന്നത് എന്ന അനുഭവം, ജ്യോതി ലക്ഷ്മി.സി. നമ്പ്യാരുടെ വേഴാമ്പലുകള്‍ എന്ന കഥ, ആകര്‍ഷ വയനാട് എഴുതിയ സൃഷ്ടിയുടെ സാക്ഷി, ബീന റോയുടെ പുകച്ചുരുളുകള്‍ എന്ന കവിത എന്നിവയുമായി പുതുവര്‍ഷ ലക്കം ഏറെ സമ്പന്നമാണ്.
പുതുവര്‍ഷ ലക്കം ഏറെ മനോഹരമായി അണിയിച്ചൊരുക്കിയ ജ്വാലയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളേയും യുക്മ സാംസ്‌കാരികവേദി നേതാക്കളേയും യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സീസ് മാത്യൂ, ജനറല്‍ സെക്രട്ടറി സജീഷ് ടോം എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
ജ്വാലയില്‍ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് jwalaemagazine@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് കൃതികള്‍ അയക്കാവുന്നതാണ്. യുക്മ റീജിയണല്‍, നാഷണല്‍ കലാമേളകളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ പൂളില്‍ നിന്നുള്ള ഇഷ.ജി. നായര്‍ എന്ന സുന്ദരികുട്ടിയാണ് ആണ് ഈ ലക്കത്തിലെ മുഖചിത്രം. ജ്വാല ജനുവരി ലക്കം വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല