സ്വന്തം ലേഖകൻ: കെ-റെയിലിനെതിരായ ജനരോഷത്തിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ. കെ-റെയിലിനായുള്ള സർവ്വേ നടപടികൾ നിർത്തിവെച്ചു. എങ്കിലും സർക്കാരിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. പാർട്ടി കോൺഗ്രസിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ സർവ്വേ നടപടികൾ സർക്കാർ താത്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ മദ്ധ്യകേരളത്തിലെ നടപടികളും നിർത്തിവെയ്‌ക്കുകയായിരുന്നു.
കണ്ണൂരിൽ പാർട്ടി കോൺഗ്രസ് കഴിഞ്ഞതിന് ശേഷം ഏപ്രിലിലേ സർവ്വേ നടപടികൾ ഉണ്ടാകൂ എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ മദ്ധ്യകേരളത്തിലെ സർവ്വേ നടപടികൾ കൂടി നിർത്തിവെച്ചതോടെ പ്രതിഷേധത്തിന് മുൻപിൽ സർക്കാർ മുട്ടുമടക്കിയെന്നാണ് വ്യക്തമാകുന്നത്.
എറണാകുളം, കോഴിക്കോട്, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ സർവ്വേ നടപടികൾ ആണ് നിർത്തിവെച്ചിരിക്കുന്നത്. നേരത്തെ ജനരോഷത്തെ പ്രതിരോധിച്ച് എറണാകുളം ജില്ലയിലെ സർവ്വേ നടപടികളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഏജൻസികൾ സർക്കാരിനെ അറിയിച്ചിരുന്നു. എല്ലാ ജില്ലകളിലും സമാന സാഹചര്യം നിലനിൽക്കുന്നതിനാൽ വിശദമായ ആലോചനയ്‌ക്ക് ശേഷമേ വീണ്ടും സർവ്വേ നടത്തുന്നകാര്യം തീരുമാനിക്കൂയെന്നാണ് സൂചനകൾ. കഴിഞ്ഞ ഏതാനും നാളുകളായി ശക്തമായ പ്രതിഷേധമാണ് കെ-റെയിലിന് എതിരെ ഉയരുന്നത്.
അതേസമയം പദ്ധതി നടപ്പാകില്ലെന്ന് സർക്കാരിന് ഉറപ്പായതോടെയാണോ സർവ്വേ നടപടികൾ നിർത്തിവെയ്‌ക്കാൻ നിർദ്ദേശം നൽകിയതെന്ന സംശയവും ഉയരുന്നുണ്ട്. ഇന്നലെ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.
ഇതിന് ശേഷം കേന്ദ്രസർക്കാരിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി സങ്കീർണമാണെന്നും വിശദമായ പഠനത്തിന് ശേഷമേ അനുമതി നൽകാൻ കഴിയൂവെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചിരുന്നു. ഇതോടെ കെ- റെയിലിനായുള്ള സാദ്ധ്യത ഏറെക്കുറെ മങ്ങിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല