![](https://www.nrimalayalee.com/wp-content/uploads/2022/04/K-Sankaranarayan-Congress-Leader-Passed-Away-.jpg)
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറും മന്ത്രിയുമായിരുന്ന കെ.ശങ്കരനാരായണന്റെ(90) സംസ്‌ക്കാരച്ചടങ്ങുകള്‍ വൈകിട്ട് തൃശൂരില്‍. പാലക്കാട് ശേഖരീപുരത്തെ വസതിയിലും ഡിസിസി ഓഫിസിലും പൊതുദര്‍ശനത്തിന് വച്ചശേഷമാണ് മൃതദേഹം തൃശൂരില്‍ എത്തിക്കുക. ശങ്കരനാരായണന്റെ അമ്മയുടെ തറവാട് വീടായ തൃശ്ശൂര്‍ പൈക്കുളത്താണ് സംസ്‌കാരം നടക്കുക.
മുന്‍ ഗവര്‍ണറും മന്ത്രിയുമായതിനാല്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം നടക്കുക. ജനപ്രതിനിധികളും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കളും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു . വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ രാത്രി വൈകിയും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധിപേരാണ് ശങ്കരനാരായണന്റെ വസതിയിലെത്തിയത്
വിവിധ മന്ത്രിസഭകളിലായി കൃഷി, ധനം, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായി. 1977 ഏപ്രില്‍ 11 മുതല്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, കമ്യൂണിറ്റി വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തു. 1977 ഏപ്രില്‍ 27 മുതല്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും അതേ വകുപ്പുകളുടെ ചുമതല വഹിച്ചു.
2001 മേയ് 26 മുതല്‍ ആന്റണിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. 2004 ഫെബ്രുവരി 10 വരെ എക്‌സൈസ് വകുപ്പിന്റെ ചുമതലയും വഹിച്ചിരുന്നു. 2007 ല്‍ യു.പി.എ. ഭരണകാലത്ത് നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിതനായി. തുടര്‍ന്ന് ഝാര്‍ഖണ്ഡ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും നിയമതിനായി. അരുണാചല്‍പ്രദേശ്, അസം, ഗോവ സംസ്‌ഥാനങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 2014 ല്‍ മിസോറമിലേക്ക് സ്‌ഥലംമാറ്റിയതിനു പിന്നാലെ രാജിവച്ചു.
1932 ഒക്‌ടോബര്‍ 15 ന് എ. ശങ്കരന്‍നായരുടെയും കെ. ലക്ഷ്‌മി അമ്മയുടെയും മകനായി ജനനം. 1946 മുതല്‍ സ്‌റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ സജീവ അംഗമായിരുന്നു. തൃത്താല, ശ്രീകൃഷ്‌ണപുരം, ഒറ്റപ്പാലം, പാലക്കാട് മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1985 മുതല്‍ 2001 വരെ 16 വര്‍ഷം യു.ഡി.എഫിന്റെ കണ്‍വീനറായിരുന്നു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ പ്രവര്‍ത്തക സമിതി, പാര്‍ലമെന്ററി ബോര്‍ഡ് കോണ്‍ഗ്രസ് അംഗം എന്നീ നിലകളില്‍ വിവിധ പദവികള്‍ വഹിച്ചു. ഭാര്യ: പരേതയായ പ്രഫ. രാധ. മകള്‍: അനുപമ. മരുമകന്‍: അജിത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, സ്‌പീക്കര്‍ എം.ബി. രാജേഷ്, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവര്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല