സ്വന്തം ലേഖകന്‍: ഹിന്ദി നന്നായി അറിയാം, കുഴപ്പമായത് മോദിയുടെ പ്രസംഗം ശരിയായി കേള്‍ക്കാന്‍ കഴിയാതിരുന്നത്, പ്രസംഗം തെറ്റിച്ച് മൊഴിമാറ്റിയതിന് വിശദീകരണവുമായി കെ സുരേന്ദ്രന്‍. അതേസമയം
നരേന്ദ്ര മോദിയുടെ പ്രസംഗം തെറ്റിച്ച് പരിഭാഷപ്പെടുത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ സോഷ്യല്‍ മീഡിയ കൊന്നു കൊല വിളിച്ചു.
കെ.സുരേന്ദ്രന്‍ ഉള്ളിക്കറി മാത്രമേ കഴിക്കൂ ചപ്പാത്തി കഴിക്കില്ലെന്നും അതിനാല്‍ ഹിന്ദി അറിയില്ലെന്നും ഒക്കെയായിരുന്നു പരിഹാസപ്പെരുമഴ. നരേന്ദ്രമോദിയുടെ പ്രസംഗം ശരിക്ക് കേള്‍ക്കാത്തതാണ് പ്രശ്‌നമായതെന്ന് സുരേന്ദ്രന്‍ പറയുന്നു. മോദിയുടെ പ്രസംഗം കൃത്യമായി കേള്‍ക്കാന്‍ സാധിച്ചില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
മൈക്ക് അടുത്തു വെക്കാതെയുള്ള പ്രസംഗമായിരുന്നു, പിന്നീട് മൈക്ക് ശരിയാക്കി കൊടുക്കുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
തനിക്ക് കേള്‍ക്കാത്തതു കൊണ്ടാണ് വി.മുരളീധരനോട് തര്‍ജമ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുരേന്ദ്രന്‍ പറയുന്നു. മോദി തന്നെ ശാസിച്ചു ഇറക്കിവിട്ടു എന്നുള്ള പ്രചരണം ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ഇവിടെ സംഭവിച്ചത് ഏതു മനുഷ്യനും പറ്റുന്ന തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വടി കിട്ടിയാല്‍ അടിക്കാന്‍ വേണ്ടി നില്‍ക്കുന്നവരാണല്ലോ സോഷ്യല്‍ മീഡിയക്കാരെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എനിക്ക് ഹിന്ദി അറിയില്ലെന്നു ആരു പറഞ്ഞു. മുന്‍പ് മോദിയുടെ പ്രസംഗം ഞാന്‍ തന്നെയാണ് തര്‍ജമ ചെയ്തിട്ടുള്ളതെന്നും സുരേന്ദ്രന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല