സ്വന്തം ലേഖകന്‍: വരുന്നു, മരണ മാസായി ‘കാല കരികാലന്‍’, രജനീകാന്തിന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ധനുഷ്. കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം രജനീകാന്തും സംവിധായകന്‍ പാ രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന കാല കരികാലന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തരംഗമാകുന്നു. രജനീകാന്തിന്റെ മരുമകനും ചിത്രത്തിന്റെ നിര്‍മാതാവുമായ ധനുഷ് തന്നെയാണ് പോസ്റ്റര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
നേരത്തെ തലൈവര്‍ 164 എന്നായിരുന്നു ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്. പോസ്റ്റര്‍ ഇറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 28 ന് മുംബൈയില്‍ ആരംഭിക്കും. അന്നുതന്നെ രജനി ഷൂട്ടിംഗ് സംഘത്തിനൊപ്പം ചേരും. സിനിമയുടെ 70 ശതമാനവും മുംബൈയിലാണ് ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് രജനിയും ധനുഷും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.
തമിഴ് സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്നും അതിനാലാണ് ഇത്തരമൊരു പേര് ചിത്രത്തിന് നല്‍കിയതെന്നും സംവിധായകന്‍ വ്യക്തമാക്കി. ‘സംഘ കാലഘട്ടത്തിലെ ചോള രാജാവായിരുന്നു കരികാലന്‍. കാവേരി നദിക്ക് കുറുകെ കല്ലനൈ ഡാം നിര്‍മിക്കുന്നത് ഉള്‍പ്പെടെ തമിഴ്‌നാടിന്റെ ചരിത്രത്തില്‍ നിരവധി നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിയാണദ്ദേഹം. മാത്രവുമല്ല, ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന ഒരുവിഭാഗം ജനങ്ങള്‍ കരികാലനെ പാതിദൈവമായാണ് കണക്കാക്കുന്നത്. മുംബൈയില്‍ ജീവിക്കുന്ന തമിഴ് ജനതയെ കുറിച്ചുള്ള ചിത്രത്തിന് ഈ പേരുതന്നെയാണ് അനുയോജ്യമെന്ന് തോന്നി,’ രഞ്ജിത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല