സ്വന്തം ലേഖകന്‍: കാലായുടെ കാത്തിരുന്ന ട്രെയിലറെത്തി; എല്ലാ ചേരുവകളും ഉറപ്പെന്ന് പ്രേക്ഷകര്‍; ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കന്നഡ സംഘടകള്‍. കബാലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തും സംവിധായകന്‍ പാ രഞ്ജിത്തും ഒരുമിക്കുന്ന കാലയുടെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങി. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രം ജൂണ്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. കരികാലന്റെ വേഷമാണ് കാലയില്‍ രജനീകാന്ത് അവതരിപ്പിക്കുന്നത്. നേരത്തെ ഏപ്രില്‍ 27 ന് കാല തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും തമിഴ് സിനിമാ സമരംമൂലം നീട്ടിവെയ്ക്കുകയായിരുന്നു. രജനികാന്തിന് പുറമെ, സമുദ്രക്കനി, ഈശ്വരി റാവു, നാനാപട്ടേക്കര്‍, ഹുമ ഖുറേഷി, സംപത്ത് രാജ്, അഞ്ജലി പട്ടീല്‍, പങ്കജ് ത്രിപാതി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം.
അതേസമയം ജൂണ്‍ ഏഴിന് ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് തിയേറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഗോവിന്ദ് നിര്‍ദ്ദേശം നല്‍കി. കാവേരി വിഷയത്തില്‍ രജനിയുടെ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ജനത നിരാശരാണെന്നും അതുകൊണ്ട് തന്നെ കാല സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്നും ഗോവിന്ദ് പ്രസ്താവനയില്‍ പറയുന്നു.
ചിത്രം റിലീസ് ചെയ്യരുതെന്ന് കാട്ടി വിവിധ സംഘടനകളുടെ പത്തോളം കത്തുകളാണ് ലഭിച്ചതെന്നും ജനങ്ങളുടെ വികാരം പരിഗണിച്ച് കാല പ്രദര്‍ശിപ്പിക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് വിതരണക്കാരമായി സംഘടന ചര്‍ച്ച നടത്തുന്നതായാണ് വിവരം. കാവേരി നദീ ജല തര്‍ക്കത്തില്‍ രജനിയുടെ നിലപാടില്‍ നേരത്തേയും കന്നഡ സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല