സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ കബാലി തരംഗം, റിലീസിംഗ് ദിവസമായ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ കബാലി സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ടു തമിഴ്‌നാട്ടില്‍ പലേടത്തും അവധി പ്രഖ്യാപിച്ചു. തിരക്കും ബഹളവും കണക്കിലെടുത്തു സ്‌കൂളുകള്‍ക്കും റിലീസിംഗ് നടക്കുന്ന വെള്ളിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.
ചില കമ്പനികളും തൊഴിലാളികള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്കു ടിക്കറ്റും ബുക്ക് ചെയ്തു നല്‍കി. പല കമ്പനികളിലും അവധി അപേക്ഷകളുടെ പ്രവാഹമാണെന്നു തമിഴ്‌നാട്ടില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദ്യ ഷോയില്‍ തന്നെ ചിത്രം കാണാനാണ് പലരും അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ മാത്രമല്ല ചിത്രം റിലീസ് ചെയ്യുന്ന പല നഗരങ്ങളിലും ആരാധകര്‍ ചിത്രം കാണാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. 120 കോടി മുതല്‍മുടക്കില്‍ അധോലോക രാജാവായ കബാലിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഇതിനിടെ, കബാലിയുടെ സെന്‍സര്‍ പതിപ്പ് നെറ്റില്‍ പ്രചരിച്ചതായ വാര്‍ത്ത ആരാധകരെയും അണിയറക്കാരെയുമൊക്കെ ആശങ്കയിലാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല