1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2021

സ്വന്തം ലേഖകൻ: താലിബാന്‍ ഭരണം പിടിക്കുകയും യുഎസ് സേന അഫ്ഗാന്‍ വിടുകയും ചെയ്തതോടെ പ്രതിസന്ധിയിലായ കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയുടെ പ്രതികരണം.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി ഖത്തറില്‍ നിന്നുള്ള സാങ്കേതിക സംഘം കാബൂളിലെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിലാണ് സംഘം. താമസിയാതെ നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താലിബാന്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സമവായം ഉണ്ടാക്കുന്നതിന്റെ ഭാഗമായി നിഷ്പക്ഷ മധ്യസ്ഥന്റെ റോള്‍ ഖത്തര്‍ തുടരുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.

അഫ്ഗാന്‍ ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ സൗഹൃദ രാഷ്ട്രങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനില്‍ നിന്ന് പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്ന സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്ന വാഗ്ദാനം താലിബാന്‍ പാലിക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ താലിബാനുമായി നിരന്തരമായി ഖത്തര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിനാവശ്യമായ എല്ലാ കാര്യങ്ങളും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, താലിബാനുമായി ചര്‍ച്ച നടത്താന്‍ തന്റെ രാജ്യം ഒരുക്കമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും അറിയിച്ചു. എന്നാല്‍, താലിബാനെ ഉടന്‍ അംഗീകരിക്കാന്‍ ബ്രിട്ടന് പദ്ധതിയില്ല. താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകളുടെ അടിസ്ഥാനത്തിലല്ല. മറിച്ച് പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാത്രമേ താലിബാനെ അംഗീകരിക്കുകയുള്ളൂ.

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാവാന്‍ അനുവദിക്കരുത്. അഫ്ഗാന്‍ നേരിടുന്ന മാനുഷിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനും അവിടെ സ്ഥിരത ഉറപ്പുവരുത്താനും അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ ഖത്തര്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ദോഹയിലെ അഫ്ഗാന്‍ അഭയാര്‍ത്ഥി താമസ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വിലയിരുത്തുന്നതിനൊപ്പം അഫ്ഗാനിലെ ഏറ്റവും പുതിയ സ്ഥിതിഗതികളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. ബ്രീട്ടീഷ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കാബൂളില്‍ നിന്നും ഒഴിപ്പിക്കാനായി ഖത്തര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് അദ്ദേഹം ബ്രിട്ടിന്റെ നന്ദി അറിയിച്ചു. ദോഹയിലെ അഫ്ഗാന്‍ അഭയാര്‍ഥി ക്യാംപുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ഖത്തര്‍ വിദശകാര്യ മന്ത്രിക്കു പുറമെ, അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലുല്‍വ അല്‍ ഖാതിര്‍ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.