സ്വന്തം ലേഖകന്‍: കാബൂളിലുണ്ടായ ആംബുലന്‍സ് സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 കവിഞ്ഞു; 150 ഓളം പേര്‍ക്ക് പരുക്ക്; പൊട്ടിത്തെറിച്ചത് സ്ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ആംബുലന്‍സ്. സര്‍ക്കാര്‍ ഓഫിസുകളും വിദേശ എംബസികളും ഏറെയുള്ള മേഖലയിലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ചത്. ചെക്പോസ്റ്റിനു സമീപം വാഹനമെത്തിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന അഫ്ഗാന് പാര്‍ലമെന്റ് അംഗം മിര്‍വായിസ് യാസിനി പറഞ്ഞു.
ആക്രമത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. ഒരാഴ്ച മുന്‍പ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന സ്ഫോടനത്തിന്റെയും ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തിരുന്നു. അന്ന് 20 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ന്ന് മേഖലയില്‍ സുരക്ഷയും ശക്തമാക്കി. എന്നാല്‍ അതിനെയും മറികടന്നാണ് പുതിയ ആക്രമണം. താലിബാനു കീഴിലുള്ള ‘ഹഖാനി’ ഗ്രൂപ്പാണ് അഫ്ഗാനിലെ നഗരപ്രദേശങ്ങളിലുള്ള ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് അധികൃതര്‍ പറയുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് നഗരത്തിലെ തിരക്കേറിയ പ്രദേശത്തു പൊട്ടിത്തെറി സംഭവിക്കുന്നത്. പരുക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. എന്നാല്‍ പരുക്കേറ്റ് എത്തിയവരുടെ എണ്ണം കൂടിയതോടെ ആശുപത്രിയില്‍ പലരെയും നിലത്തു കിടത്തിയാണു ചികിത്സിച്ചത്. ചിലരെ ആശുപത്രിയിലെ തോട്ടത്തിലേക്കു വരെ മാറ്റേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല