സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ ഖുറാന്‍ കത്തിച്ചെന്ന് വ്യാജപ്രചരണം നടത്തി യുവതിയെ തല്ലിക്കൊന്ന പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കാബൂളിലെ പരമോന്നത കോടതി വധശിക്ഷയ്ക്ക് വിധിച്ച നാലു പ്രതികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 10 വര്‍ഷം തടവായിട്ടാണ് ശിക്ഷ ഇളവ് ചെയ്തത്. തടവ് ശിക്ഷയുടെ കാലാവധി കുറയ്ക്കുകയും ചെയ്തു.
പ്രധാനപ്രതികള്‍ക്ക് നല്‍കിയ വധശിക്ഷയ്‌ക്കൊപ്പം തടവിന് ശിക്ഷിച്ച ഒമ്പതുപേരുടെ ശിക്ഷയിലും ഇളവ് വരുത്തിയിട്ടുണ്ട്. ലോക വനിതാദിനമായ ചൊവ്വാഴ്ചയുടെ തലേദിവസമായിരുന്നു ശിക്ഷ അഫ്ഗാനിസ്ഥാന്‍ സുപ്രീംകോടതി ഇളവ് ചെയ്തു കൊടുത്തത്.
കാബൂളിലെ പ്രമുഖ മോസ്‌ക്കുകളില്‍ ഒന്നായ ഷാ ദോ ഷംഷിറാ മോസ്‌ക്കില്‍ കഴിഞ്ഞ മാര്‍ച്ച് 19 നായിരുന്നു ഫര്‍ഖുണ്ട കൊല്ലപ്പെട്ടത്. ഇസ്‌ളാമിക പണ്ഡിത കൂടിയായിരുന്ന ഇവര്‍ക്കെതിരേ ഇസ്‌ളാമിക വിരുദ്ധ പ്രവര്‍ത്തനങ്ങളായ ഭാവി പ്രവചനം, മന്ത്രവാദം എന്നിവയ്ക്ക് പുറമേ കൂട്ടിക്കൊടുപ്പും വേശ്യാവൃത്തിയും ആരോപിക്കപ്പെട്ടു.
എന്നാല്‍ ഖുറാന്‍ കത്തിച്ചത് വ്യാജപ്രചരണമായിരുന്നെന്ന് പിന്നീട് തെളിയുകയും ചെയ്തു. കേസില്‍ 49 പേരാണ് പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്. 19 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവരില്‍ 13 പേര്‍ക്ക് കനത്ത പിഴ വിധിച്ചു. സംഭവത്തില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്ന പോലീസുകാര്‍ക്കും കിട്ടി പിഴ. പിന്നീട് അപ്പീല്‍ നല്‍കിയപ്പോള്‍ പലരുടേയും പിഴയും ഇളവ് ചെയ്തു. സംഭവത്തിന് മൊബൈലില്‍ റെക്കോഡ് ചെയ്യപ്പെട്ട തെളിവുകള്‍ നില്‍ക്കുമ്പോഴും അനേകം പേരെ അറസ്റ്റ് ചെയ്യാതെ വിട്ടുകളയുകയും ചെയ്തു.
കോടതി വിധിയില്‍ അഫ്ഗാനിലെ അനേകം വനിതാ നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കേസിലെ നാലു പ്രധാന പ്രതികളില്‍ ഒരാള്‍ ദേവാലയത്തിന്റെ സൂക്ഷിപ്പുകാരനാണ്. ഇയാള്‍ വയാഗ്രയും ഗര്‍ഭനിരോധന ഉറകളും മന്ത്രത്തകിടുകളും കടത്തുന്നവനാണ്. ഇയാളായിരുന്നു ഫര്‍ഖുണ്ടയ്‌ക്കെതിരേ വ്യാജ പ്രചരണം നടത്തിയത്. തൊട്ടെതിര്‍ വശത്തെ ഒപ്റ്റിക്കലിലെ ജീവനക്കാരന്‍ ആയിരുന്നു ഇവരെ അക്രമിക്കാന്‍ കല്ലേറ് തുടങ്ങിയത്. മറ്റൊരാള്‍ അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം ജീവനക്കാരനാണ്. ഇയാള്‍ ഫേസ്ബുക്ക് വഴി ഇവര്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയപ്പോള്‍ അവസാന ആള്‍ ഫര്‍ഖുണ്ടയുടെ മുകളില്‍ കൂടി രണ്ടു തവണ വണ്ടി ഓടിച്ചു കയറ്റിയതായി വീഡിയോയില്‍ വ്യക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല