കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂര്‍ കടവൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി. കാണാതായ രണ്ടുപേരില്‍ മാടയ്ക്കാപ്പള്ളി ഐപ്പിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പതരയോടെ കണ്ടെടുത്തത്. അപകടത്തില്‍ മരിച്ച കടുവാക്കുഴി മധുവിന്റെ ഭാര്യ നളിനിയെയാണ് (42)ഇനി കണ്ടെത്താനുള്ളത്.
നേവിയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. ഉരുള്‍ പൊട്ടലില്‍ ഏഴു വീടുകള്‍ ഒലിച്ചുപോയി. കടവൂര്‍ നാലാം ബ്‌ളോക്കില്‍ പൊട്ടു വട്ടക്കുന്നേല്‍ ജോസഫ് (ഔസേപ്പ് ~70), കടുവാക്കുഴി മധു (56), മാടയ്ക്കാപ്പള്ളി ഐപ്പിന്റെ ഭാര്യ ലീല (65) എന്നിവരാണ് ഇന്നലെ മരിച്ചത്. ദുരന്തം കണ്ട താണിക്കുഴിയില്‍ നാരായണന്‍ (55) കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാലാം ബ്ലോക്ക് മലയില്‍നിന്നും വന്‍ശബ്ദത്തോടെയുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മരണമടഞ്ഞ കൊച്ചുവട്ടേക്കുന്നേല്‍ ഔസേഫ്, താണിക്കുടി നാരായണന്‍, കടുവാക്കുഴി മധു (55), ഞറമ്പന്‍കാടന്‍ ഐപ്പ് ഭാര്യ ലീല എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ടുപേരെ കാണാതായതായി പരിസരവാസികള്‍ വെളിപ്പെടുത്തുന്നു. കടുവാക്കുടി മധുവിന്റെ മകന്‍ രാജേഷിനെ ഗുരുതരപരിക്കുകളോടെ രക്ഷപ്പെടുത്താനായി. ഇയാള്‍ തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കാലിന് ഗുരുതരമായ പരിക്കുണ്ട്.
ദുരന്തവാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചയുടന്‍ പോലീസും ഫയര്‍ഫോഴ്സും ആംബുലന്‍സും എത്തി അതില്‍ പങ്കുചേര്‍ന്നു. ജില്ലാ കളക്ടര്‍, മന്ത്രിമാരായ കെ. ബാബു, ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, റൂറല്‍ എസ്പി എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഔസേഫിന്റെ മൃതദേഹം കണ്ടെത്തിയത്. വീണ്ടും ഉരുള്‍പൊട്ടലുണ്ടാകുമെന്ന ആശങ്കയില്‍ മുപ്പതോളം കുടുബങ്ങളെ കടവൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ തലനാട്, തീക്കോയി പ്രദേശങ്ങളില്‍ അഞ്ചിടത്താണ് ഉരുള്‍പൊട്ടിയത്. പ്രദേശത്ത് മലവെള്ളപ്പാച്ചിലില്‍ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 7 മണിയോടെയാണ് തലനാട് വെള്ളം വറ്റാ ഓലിഭാഗത്തും 9 മണിക്ക് ചോനമല ഭാഗത്തും ഉരുള്‍പൊട്ടുകയായിരുന്നു. അടുക്കം, പേര്യംമല, പാലോമല എന്നിവിടങ്ങളിലും തീക്കോയി പഞ്ചായത്തില്‍ കാരികാട് ഭാഗത്തും ഉരുള്‍പൊട്ടി.
മലവെള്ളപ്പാച്ചിലില്‍ ഏക്കറുകണക്കിന് കൃഷിഭൂമി നശിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്ലും മണ്ണും നിറഞ്ഞ് തീക്കോയി-തലനാട് റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. തീക്കോയി-വാഗമണ്‍, ചാമപ്പാറ വേലത്തുശ്ശേരി, ഒറ്റയീട്ടി ചാമപ്പാറ എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. തലനാട് മുതുകാട്ടില്‍ റിജണ്‍ ആന്‍ഡ്രൂസ്, മുതുകാട്ടില്‍ സോളി, വാഴയില്‍ അച്ചാമ്മ, വെളിമറ്റത്തില്‍ ജോസഫ് എന്നിവരുടെ റബര്‍, വാഴ, കാപ്പി തുടങ്ങിയ കൃഷികള്‍ നശിച്ചു. മീനച്ചിലാര്‍ മണിക്കൂറുകളോളം കരകവിഞ്ഞൊഴുകി. ഈരാറ്റുപേട്ട പാലാ റോഡില്‍ പനയ്ക്കപ്പാലം, അമ്പാറ എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
പനച്ചിപ്പാറ-പെരുന്നിലം റോഡില്‍ ശാസ്താക്ഷേത്രത്തിന് സമീപമുള്ള നടപ്പാലം വെള്ളത്തിനടിയിലായി. മുണ്ടക്കയം പെരുവന്താനത്തിനടുത്ത് പുല്ലുപാറയില്‍ കനത്തമഴയില്‍ ചായക്കടയ്ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 9.30 ഓടെ കൊല്ലം- തേനി ദേശീയപാതയില്‍ ആയിരുന്നു സംഭവം. പുല്ലുപാറയില്‍ കുത്തനെയുള്ള തിട്ടയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പുത്തന്‍പുര അപ്പച്ചന്റെ കടയിലാണ് അപകടം സംഭവിച്ചത്. കടയുടെ മുകളിലേക്ക് മണ്ണും മലയും അടര്‍ന്നു വീഴുകയായിരുന്നു. മലവെള്ളപ്പാച്ചിലില്‍ കൃഷിഭൂമിയും റോഡുകളും ഒലിച്ചുപോയി. പ്ലാപ്പള്ളി ടോപ്പില്‍ നിന്നും കുത്തിയൊലിച്ചുവന്ന മലവെള്ളത്തില്‍ കാവാലി-പ്ലാപ്പള്ളി കരകളെ ബന്ധിപ്പിക്കുന്ന റോഡ് ഒലിച്ചുപോയി.
കനത്തമഴയില്‍ കണമല കോസ്‌വേയില്‍ മണിമലയാറ്റില്‍നിന്നും വെള്ളം കയറിയത് ശബരിമല തീര്‍ത്ഥാടകരെയും നാട്ടുകാരെയും ഏറെ ദുരിതത്തിലാക്കി. ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി എക്സൈസ് മന്ത്രി കെ.ബാബു കോതമംഗലത്ത് പറഞ്ഞു. ഇതിന് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിനുള്ള നടപടിയെന്നും മന്ത്രി പറഞ്ഞു.
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യത പ്രദേശമായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളുടെ 200 മീറ്റര്‍ അടുത്തു താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സുരക്ഷനിര്‍ദേശങ്ങള്‍ പാലിക്കാനും മുന്‍കരുതല്‍ എടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളിലെ റോഡുകളില്‍ കാര്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന ബോര്‍ഡുകള്‍ അടിയന്തരമായി വയ്ക്കുന്നതിനും നിര്‍ദേശമുണ്ട്. കനത്തമഴ തുടരുന്ന കേന്ദ്രങ്ങളില്‍ പാറപൊട്ടിക്കല്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല