1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2024

സ്വന്തം ലേഖകൻ: വൈറ്റിലേക്ക് വരുന്ന വിദേശ ജീവനക്കാരെ കുവൈത്തിലെ ഏതെങ്കിലും വ്യക്തികൾ സ്‌പോൺസർ ചെയ്യണമെന്ന ‘കഫാല’ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കുവൈത്ത് മനുഷ്യാവകാശ നിരീക്ഷണ വിഭാഗം ശുപാർശ ചെയ്തു. ജനസംഖ്യയിൽ ഭൂരിഭാഗവും വിദേശികളുള്ള രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വേണമെന്നാണ് നാഷനൽ ഹ്യൂമൺ റൈറ്റ്‌സ് ബ്യൂറോ ശുപാർശ ചെയ്തിരിക്കുന്നത്. നടപ്പിൽ വരികയാണെങ്കിൽ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാകുന്ന ശുപാർശയാണിത്. രാജ്യത്ത് മനുഷ്യക്കടത്തിന് സാഹചര്യമൊരുക്കുന്നതിൽ ഒരു പ്രധാന പങ്ക് സ്‌പോൺസർഷിപ്പ് സമ്പ്രദായത്തിനുണ്ട് എന്നാണ് മനുഷ്യാവകാശ ഏജൻസിയുടെ വിലയിരുത്തൽ.

സ്‌പോൺസർഷിപ്പ് സമ്പ്രദായം നിർത്തലാക്കുന്നതിനും കമ്പനികളുടെയും ലേബർ റിക്രൂട്ട്മെന്റ് ഓഫീസുകളുടെയും പ്രവർത്തനങ്ങളെ ശക്തമായി നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് റെസിഡൻസിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഉത്തരവുകളും ഭേദഗതി ചെയ്യുന്നതുൾപ്പെടെയുള്ള ശുപാർശകളാണ് മനുഷ്യാവകാശങ്ങൾക്കായുള്ള ദേശീയ ബ്യൂറോ മുന്നോട്ടുവെച്ചിരിക്കുന്നത്. നിയമങ്ങൾ ലംഘിക്കുന്ന തൊഴിൽദാതാക്കളെ ഭരണപരമായും ക്രിമിനൽപരമായും പ്രോസിക്യൂട്ട് ചെയ്യുക, ലംഘനങ്ങൾ നടത്തിയാൽ അവർക്ക് ‘പ്രതിരോധ’ പിഴ ചുമത്തുക എന്നിവയാണ് മറ്റ് ശുപാർശകൾ.

കുറ്റകൃത്യത്തിന്റെ തരവും കാഠിന്യവും അനുസരിച്ച് ക്രമാനുഗതമായ ശിക്ഷ ഉറപ്പാക്കാനും ശിക്ഷാനടപടികൾക്ക് ഇടം നൽകാത്ത രീതിയിൽ കുവൈത്ത് മനുഷ്യക്കടത്ത് നിയമം പരിഷ്‌കരിക്കണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. തൊഴിലാളികളുടെ തൊഴിൽ ഉപേക്ഷിക്കുന്നതിനോ പുതുക്കുന്നതിനോ പകരമായി പണം സ്വീകരിക്കുന്നത് തടയുന്നതിന് ആവശ്യമായ നിയമനിർമാണങ്ങളും ഉത്തരവുകളും പുറപ്പെടുവിക്കുക എന്നതാണ് മറ്റൊരു നിർദേശം. മനുഷ്യക്കടത്ത് നിരീക്ഷിക്കുന്നതിനും അതിന് തടയിടുന്നതിനുമുള്ള യുഎസ് അംബാസഡർ സിന്ഡി ഡയറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നാഷനൽ ഹ്യൂമൺ റൈറ്റ്‌സ് ബ്യൂറോ ചെയർപേഴ്‌സൺ ജാസിം അൽ മുബാറകി, വൈസ് ചെയർപേഴ്‌സൺ ഡോ. സുഹൈം അൽ ഫുറൈഹ് എന്നിവർ ഈ ശുപാർശകൾ മുന്നോട്ടുവെച്ചത്.

മനുഷ്യക്കടത്ത്, അതിർത്തി കടന്നുള്ള ഈ കുറ്റകൃത്യത്തെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ നില, അനുബന്ധ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകിയ റിപ്പോർട്ട് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വാച്ച്‌ഡോഗ് പ്രസ്താവനയിൽ പറഞ്ഞു. കുവൈത്ത് ഭരണഘടനയുടെയും കുവൈത്ത് അംഗീകരിച്ച അന്താരാഷ്ട്ര കരാറുകളുടെയും ചട്ടങ്ങൾക്ക് കീഴിലുള്ള മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ബഹുമാനിക്കുന്നതിനും ലക്ഷ്യമിടുന്ന ഒരു സ്വതന്ത്ര സ്ഥാപനമാണ് ദിവാൻ. കുവൈത്തിലെ മൊത്തം 4.9 ദശലക്ഷം ജനസംഖ്യയിൽ 3.3 ദശലക്ഷം വിദേശികളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.