സ്വന്തം ലേഖകന്‍: ബീഫ് പാര്‍ട്ടി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍, ബോളിവുഡ് താരം കജോള്‍ വിവാദത്തില്‍, താന്‍ ബീഫ് വിളിമ്പിയിട്ടില്ലെന്ന വിശദീകരണവുമായി താരം. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് കജോളിനെ കുഴപ്പത്തില്‍ ചാടിച്ചത്. സുഹൃത്തായ റയാന്റെ ഫുഡ് സ്റ്റോറീസ് എന്ന റസ്റ്ററൊന്റില്‍ എത്തിയപ്പോള്‍ കാജോള്‍ തങ്ങള്‍ കഴിക്കാന്‍ പോകുന്ന വിഭവത്തെ പരിചയപ്പെടുത്തുന്നതാണ് സെല്‍ഫി വീഡിയോ.
ഈ വീഡിയോ പിന്നീട് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു. ബീഫ് പെപ്പര്‍ വാട്ടര്‍ വിത്ത് ഡ്രൈ ലെന്റില്‍സ് ആന്‍ഡ് ഡ്രൈ ബീഫ് എന്ന വിഭവമാണ് തങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നു പറയുന്ന കാജോള്‍ വീഡിയോയുടെ അവസാനം ചിരിയോടെ പറയുന്നത് ഞങ്ങള്‍ അവന്റെ കാല് വെട്ടാന്‍ പോകുന്നുവെന്നാണ്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാജോളിനെതിരെ വന്‍ പ്രതിഷേധം ഉയരുകയായിരുന്നു.
ബിജെപി, സംഘപരിവര്‍ സംഘടനകള്‍ താരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം നിഷേധിച്ച് കാജോള്‍ പ്രസ്താവനയിറക്കി. ഇതൊരു ആശയക്കുഴപ്പമാണെന്നും തീന്‍മേശയിലുണ്ടായിരുന്നത് ബീഫ് അല്ലെന്നുമാണ് താരത്തിന്റെ വിശദീകരണം. വീഡിയോയില്‍ കണ്ടത് പോത്തിന്റെ ഇറച്ചിയാണെന്നും അത് നിയമപ്രകാരം ലഭ്യമായ ഇറച്ചിയാണെന്നുമാണ് കാജോള്‍ വ്യക്തമാക്കുന്നത്.
തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരത്തിന്റെ വിശദീകരണം വന്നിരിക്കുന്നത്. വീഡിയോ പലരെയും വേദനിപ്പിച്ചുവെന്ന് മനസിലാക്കിയതിനാലാണ് താന്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നതെന്നും കാജോള്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ വൈറലായതോടെ കജോളിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തി. ഗോസംരക്ഷകരെ പരിഹസിക്കനാണ് കജോള്‍ ബോധപൂര്‍വം ബീഫ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് മിക്കവരും കരുതിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല