
കലാഭവൻ ലണ്ടൻ ഒക്ടോബർ 7 ശനിയാഴ്ച്ച ലണ്ടനിൽ സംഘടിപ്പിച്ച “ആരവം 2023” ഓൾ യുകെ തിരുവാതിരകളി മത്സരത്തിൽ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ 21 ടീമുകളാണ് മാറ്റുരച്ചത്. ലണ്ടനിലെ ബെക്റ്റൺ കമ്മ്യൂണിറ്റി സ്കൂൾ ഹാളിൽ വെച്ചു നടന്ന വാശിയേറിയ മത്സരത്തിൽ എല്ലാ ടീമുകളും ഒന്നിനോടൊന്നു കിടപിടിക്കുന്ന മികവാർന്ന പ്രകടനം കാഴ്ചവെച്ചു. വിധികർത്താക്കളെപ്പോലും കുഴപ്പിക്കുന്ന തരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് ഒന്നിലേറെ ടീമുകൾ അർഹത നേടുമെന്ന രീതിയിൽ മത്സരം ആദ്യാന്ത്യം ഉദ്യോഗജനകമായിരുന്നു.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ച മത്സരങ്ങളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 21 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ ഒന്നാം സ്ഥാനം അർഹമായ ആയിരം പൗണ്ടും ട്രോഫിയും നേടിയത് ടീം തനിമ നോർത്താംപ്ടൺ (ചെസ്റ്റ് നമ്പർ 103). രണ്ടാം സ്ഥാനത്തിന് അർഹമായ അഞ്ഞൂറ് പൗണ്ടും ട്രോഫിയും നേടിയത് ടീം ജ്വാല KCWA ക്രോയ്ഡോൺ(ചെസ്റ്റ് നമ്പർ 118), മൂന്നാം സ്ഥാനത്തിന് അർഹമായ ഇരുനൂറ്റി അൻപതു പൗണ്ടും ട്രോഫിയും നേടിയത് ടീം ഗുരുപ്രഭ ശ്രീനാരായണ ഗുരുമിഷൻ ഈസ്റ്റ് ഹാം(ചെസ്റ്റ് നമ്പർ : 109) എന്നീവരാണ്.
മത്സരങ്ങളോടൊപ്പം കലാ സാംസ്ക്കാരിക പരിപാടികളും അരങ്ങേറി, സംഗീതവും ക്ലാസിക്കൽ സെമിക്ലാസ്സിക്കൽ ബോളിവുഡ് നൃത്തങ്ങളും കേരളത്തിന്റെ കലാ സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന കൾച്ചറൽ ഷോ എന്റെ കേരളവും അവിസ്മരണീയമായി.
വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ സ്പോൺസർ ചെയ്തത് പോൾ ജോൺ ആൻഡ് കോ സോളിസിറ്റർസ്, NN സിവിൽ എഞ്ചിനീയറിംഗ് ലിമിറ്റഡ് ലണ്ടൻ, ഗ്ലോബൽ സ്റ്റഡി ലിങ്ക് യുകെ, തുടങ്ങിയവരാണ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നീൽ ട്രാവെൽ ആൻഡ് ടൂർ ലിമിറ്റഡ്, ഓൺലൈൻ ബിസിനസ്, നവരുചി റെസ്റ്റോറന്റ് ഈസ്റ്റ് ഹാം തുടങ്ങിയവരാണ് മറ്റു സ്‌പോൺസർമാർ.ദീപ നായർ, മീര മഹേഷ്, രശ്മി പ്രകാശ് എന്നിവർ വിധികർത്താക്കൾ ആയിരുന്നു.
ലണ്ടൻ ന്യൂഹാം കൌൺസിൽ ചെയർ റോഹിനാ റഹ്‌മാൻ, കൗൺസിലർമാരായ ലക്‌മിനി ഷാ, സൂസൻ മാസ്‌റ്റേഴ്‌സ്, മുസീബർ റഹ്‌മാൻ, ഇമാൻ ഹഖ് ന്യൂഹാം മുൻ സിവിക് അംബാസിഡർ ഡോക്ടർ ഓമന ഗംഗാധരൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു മുഖ്യാഥിതി ആയിരുന്ന കേംബ്രിഡ്‌ജ് ഡെപ്യൂട്ടി മേയർ ബൈജു തിട്ടാല സമ്മാനങ്ങൾ വിതരണം ചെയ്തു.ടീം കലാഭവൻ ലണ്ടൻ അംഗങ്ങൾ “ആരവം 2023” പരിപാടികൾക്ക് നേതൃത്വം നൽകി.
ഗിന്നസ് വേൾഡ് റെക്കോർഡിനു വേണ്ടി കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ മാസത്തിൽ യുകെയിൽ സംഘടിപ്പിക്കുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഗ്രൂപ്പുകൾ സംഘടനകൾ 07841613973 എന്ന നമ്പറിലോ kalabhavanlondon@gmail.com എന്ന ഇമെയിലിലോ
ബന്ധപ്പെടുക.








നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല