സ്വന്തം ലേഖകന്‍: കലാഭവന്‍ മണിക്ക് ചാലക്കുടി കണ്ണീരോടെ വിട നല്‍കി, ഒരു നോക്കു കാണാനെത്തിയത് ആയിരങ്ങള്‍. ശനിയാഴ്ച അന്തരിച്ച മണിയുടെ ഭൗതിക ശരീരം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ അദ്ദേഹത്തിന്റെ വസതിയില്‍ ഒരുക്കിയ ചിതയില്‍ സംസ്‌കരിച്ചു. വൈുന്നേരം 4.15 ഓടെയാണ് മണിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.
കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം നല്‍കി. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം മണിയുടെ സഹോദരീ പുത്രന്‍ വൈകുന്നേരം 5.27 ഓടെ ചിതയ്ക്ക് തീ കൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.
ആയിരക്കണക്കിന് ആളുകളാണ് മണിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആശുപത്രി അങ്കണത്തില്‍ അല്‍പ്പ സമയം മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പന്ത്രണ്ട് മണിയോടെ സംഗീത നാടക അക്കാദമി ഹാളിലും തുടര്‍ന്ന് ചാലക്കുടി മുനിസിപ്പല്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു.
ചലച്ചിത്ര ലോകത്ത് ഉയരത്തില്‍ പറക്കുമ്പോഴും തങ്ങളില്‍ ഒരാളായി കൂടെ നടന്നയാളായിരുന്നു നാട്ടുകാര്‍ക്ക് മണി. മണിയും അദ്ദേഹത്തിന്റെ പ്രശസ്തമായ ആ ചിരിയും ഇനിയില്ലെന്ന വേദനമായാണ് ജനക്കൂട്ടം പിരിഞ്ഞത്. മൂന്നു ഭാഷകളില്‍, ഇരുന്നൂറോളം സിനിമകളിലായി പരന്നു കിടക്കുന്ന ആ നടന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ മാത്രം ഇനി ബാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല