സ്വന്തം ലേഖകന്‍: കലാഭവന്‍ മണിയുടെ മരണ കാരണം ഗുരുതര കരള്‍ രോഗം, ശരീരത്തിലെ വിഷാംശത്തെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റേയും ലഹരി വസ്തുക്കളുടെയും സാന്നിധ്യം ഉണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മണിയുടെ സുഹൃത്തുക്കളെയും ബന്ധുവിനെയും പാചകക്കാരനെയും വിശദമായി ചോദ്യം ചെയ്തു. കരള്‍രോഗമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെങ്കിലും മെഥനോള്‍ എങ്ങനെ ശരീരത്തില്‍ എത്തിയെന്നാണ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച മണിയോടൊപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കിയേയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
വ്യാജമദ്യം കഴിച്ചാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ശരീരത്തിലുണ്ടാകാം. എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ കഴിച്ചാലെ മരണ കാരണമാകൂ. വ്യാജമദ്യം കഴിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. വീടിന് സമീപത്തെ ഔട്ട്ഹൗസില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്.
കുറച്ചുനാളായി മണി ബിയര്‍ മാത്രമേ കഴിക്കാറുള്ളൂയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിനൊപ്പം ലഹരി ഗുളികകളോ മറ്റ് ലഹരി വസ്തുക്കളോ മണി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.
കുഴഞ്ഞു വീണപ്പോള്‍ മണിയോടൊപ്പമുണ്ടായിരുന്ന അളിയന്‍ ബിപിന്‍, പാചകക്കാരന്‍ എന്നിവരെയുമാണ് ചോദ്യം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല